വടശ്ശേരിക്കര: മഴക്കാലമായതോടെ വടശ്ശേരിക്കര ബൗണ്ടറിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മൃഗാശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍ ആകുന്നു. മഴവെള്ളം ആശുപത്രിയിലെ ഡോക്ടര്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന് ഒറ്റമുറിയാണുള്ളത്. ഈ മുറിക്കുള്ളിലാണ് മരുന്നുകള്‍ സൂക്ഷിക്കുന്നതും, മറ്റു ജീവനക്കാര്‍ ഇരുന്നു ജോലി ചെയ്യുന്നതും. പരിമിതമായ ശൗചാലയ സംവിധാനം സ്ത്രീ ജവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വനിതാ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ചു ജീവനക്കാരാണ് ഇവിടെ ഉള്ളത്. കന്നുകാലികളെ പരിശോധിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ലബോറട്ടറി സൗകര്യവും ഇല്ല. ഇതു മൂലം പഞ്ചായത്തിലെ കാലി വളര്‍ത്തല്‍ കര്‍ഷകര്‍ വിഷമവൃത്തത്തിലാണ്.
പശുവര്ഗ്ഗത്തില് പെട്ട 1458 ഉം, എരുമ വര്‍ഗ്ഗത്തില്‍ പെട്ട 88 ഉം, ആട് വര്‍ഗ്ഗത്തില്‍ പെട്ട 1440 ഉം കന്നുകാലികളാണ് ഔദ്യോഗികമായി പഞ്ചായത്തില്‍ ഉള്ളത്. കന്നുകാലികള്‍ ഉപജീവന മാര്‍ഗമാക്കിയ നൂറുകണക്കിനു കര്‍ഷക കുടുമ്പങ്ങള്‍ ഇവിടെ ഉണ്ട്. കൂടാതെ 8000 ത്തോളം കോഴികളും വിവിധ കര്‍ഷകരുടെ വരുമാനമാര്‍ഗ്ഗമാണ്. മഴക്കാലമായതോടെ ദഹനക്കേട്, വയറിളക്കം, പനി മുതലായ രോഗങ്ങള്‍ അധികരിച്ചിരിക്കുകയാണ്. ദിവസേന ധാരാളം കര്‍ഷകര്‍ കന്നുകാലികള്‍ക്കു മരുന്നു വാങ്ങാനായി മൃഗശുപത്രിയില്‍ എത്തുന്നുണ്ട്.
വടശ്ശേരിക്കര പംമ്പ് ജംഗ്ഷനില്‍ സര്‍ക്കാര്‍ വക കെട്ടിടത്തിലായിരുന്ന മൃഗാശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ലോകബാങ്ക് ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം പണിയുന്നതിനു വേണ്ടി നിലവിലുണ്ടായിരുന്ന തരക്കേടില്ലാത്ത കെട്ടിടം ഒരു വര്‍ഷം മുമ്പ് പൊളിച്ചു മാറ്റുകയായിരുന്നു. തറയില്‍ നിന്ന് റോഡു നിരപ്പ് ഒരു ബെയ്സ്മെന്റു മാത്രമാണ് ഇതുവരെ പണി കഴിപ്പിച്ചിട്ടുള്ളത്. പണി പൂര്‍ത്തിയാക്കാന്‍ തടസ്സമായി നില്‍ക്കുന്നത് ലോകബാങ്ക് അനുവദിച്ച ഫണ്ട് തീര്‍ന്നു പോയി എന്ന കാരണത്താലാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ കൂത്തരങ്ങാണ് ഇവിടം. രാത്രികാലങ്ങളില്‍ മദ്യപാനവും ഒച്ചപ്പാടും ഉണ്ടാവാറുള്ളത് സമീപവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. കൂടാതെ, ആശുപത്രിയുടെ ഭാഗമായി ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച ലബോറട്ടറിയും മറ്റു പരിശോധനാ സംവിധാനങ്ങളും കാടുകയറി നശിച്ചു പോകുന്നു. പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ കര്‍ഷകര്‍ കടുത്ത പ്രധിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: