കല്‍പ്പറ്റ : രോഗിക്കുള്ള സമഗ്ര പരിചരണമാണ് പാലിയേറ്റീവ് കെയറിലൂടെ നല്‍കുന്നതെന്ന് ജില്ലാ പാലിയേറ്റീവ് ട്രെയ്നിംഗ് സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ. ഇ.പി.മോഹനന് പറഞ്ഞു. ആരോഗ്യ കേരളം പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ജീവിത ശൈലീരോഗങ്ങളുടെയും ക്ഷയരോഗത്തിന്റെയും നിയന്ത്രണത്തെക്കുറിച്ചും ആലോചിക്കുന്നതിനുമായി ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേ ര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലിയേറ്റീവ് കെയര്‍ അര്‍ബുദരോഗത്തിന് മാത്രമായുള്ളതല്ല. ദീര്‍ഘകാലമായി ചികിത്സ വേണ്ട ഏതുരോഗവും പാലിയേറ്റീവ് കെയറിന് അന്യമല്ല. പാലിയേറ്റീവ് കെയര്‍ നല്‍കുന്നതിന് 28 ശതമാനം അര്ബുദരോഗികള്ക്കാണെങ്കില് 18 ശതമാനം നട്ടെല്ലിന് പരിക്കേറ്റവര്‍ക്കാണ്. വീട്ടുകാരും സമൂഹവും ഒറ്റപ്പെടുത്തുന്ന മാനസിക രോഗികള്‍ക്ക് തണലാവാന്‍ പാലിയേറ്റീവ് കെയറിന് കഴിയുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ് കെയറിന്റെ നിയമവശങ്ങളെക്കുറിച്ച് പനമരം സി.എച്ച്.സിയിലെ ഡോ. മുഹമ്മദ്ദാഹിര്, ജീവിത ശൈലീരോഗങ്ങളും ടി.ബി. നിയന്ത്രണവും ജില്ലയില്‍ എന്ന വിഷയത്തില്‍ ജില്ലാ ടിബി ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.സന്തോഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ.ബിജോയ് എന്നിവര്‍ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, മുനിസിപ്പല്‍ ചെയര്മാന്മാര്, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി ജീവിത ശൈലീരോഗങ്ങളുടെ പരിശോധനയും നടത്തി. ഡോ. കര്ണന്, ഡയറ്റീഷ്യന് ശ്രീന എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: