ഗുരു തന്റെ ശിഷ്യരോടു പറഞ്ഞു:
“തന്റെ പിന്‍ഗാമിയായി രാജ്യം ഭരിക്കാനും തനിക്കു ഉദകക്രിയ ചെയ്യാനുമുള്ള ഒരു പുത്രനെയാണ് ദശരഥന്‍ ആഗ്രഹിച്ചത്. രാവണ നിഗ്രഹത്തിനായി ഒരു രാമനെയാണ് ദേവകള്‍ ആഗ്രഹിച്ചത്. എന്നാല്‍ ദശരഥ മഹാരാജാവിനു നാലു പുത്രന്മാരുണ്ടായി. എന്നാല്‍ ദശരഥന് നാലു മക്കള്‍ ജനിച്ചത്, നാലു തരത്തിലുള്ള ധര്‍മമനുഷ്ഠിച്ച് ലോകത്തെ മനസ്സിലാക്കിക്കാനാണ്.
സാമാന്യധര്‍മം (ശ്രീരാമന്‍): കുട്ടികള്‍ മാതാപിതാക്കളോട് എങ്ങനെ പെരുമാറണം, ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പര പൂരകങ്ങളായി എങ്ങനെ ജീവിക്കണം, ഗുരുവിനോടുള്ള ശിഷ്യന്റെ പെരുമാറ്റം
ഏതു തരത്തിലായിരിക്കണം, രാജാവ് തന്റെ പ്രജകളോട് നീതി പുലര്‍ത്തേണ്ടതെങ്ങനെ – ഇത്തരം സാമാന്യ ധര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് രാമന്‍ മാതൃകയായി.
ശേഷധര്‍മ്മം (ലക്ഷ്മണന്‍): സദാസമയവും ഭഗവാനൊപ്പം നിന്ന് പരിചരിച്ചും പാദനമസ്‌കാരം നടത്തിയും മുക്തിയെ പ്രാപിക്കുന്നു. ശേഷധര്‍മ്മത്തിന്റെ കുലപതിയാണ് ലക്ഷ്മണന്‍.
വിശേഷധര്‍മ്മം (ഭരതന്‍): അകലത്തിരുന്നുകൊണ്ട് ഭഗവാനെ സദാ ധ്യാനിച്ചു കഴിയുന്നതാണ് വിശേഷധര്‍മ്മം. താന്‍ ചെയ്യുന്നതെല്ലാം ഭഗവാനു വേണ്ടിയാണ് എന്നതത്രെ വിശേഷ ധര്‍മ്മത്തിന്റെ പൊരുള്‍. രാമപാദുകങ്ങള്‍വച്ച് ഭരതന്‍ അനുഷ്ഠിച്ചത് വിശേഷധര്‍മ്മമാണ്.
വിശേഷതര ധര്‍മ്മം (ശത്രുഘ്‌നന്‍): ഭഗവദ്‌സേവകരുടെ പാദസേവകരായി ജീവിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ശത്രുഘ്‌നന്‍ ഈ വിധത്തിലായിരുന്നു. രാമഭക്തനായ ഭരതനെയാണ് നാഥനായി ലക്ഷ്മണന്‍ കരുതിയത്.”
(തുടരും)
















