കാസര്‍കോട്: ജില്ലയില്‍ ദേശീയ പാത 17 നാലുവരി പാതയാക്കുന്നതിനുളള ഭൂമി ഏറ്റടുക്കുന്നതിനുളള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറും കെ എസ് ടി പി പ്രൊജക്ട് ഡയറക്ടറുമായ കെ വി പ്രഭാകരന്, ജില്ലാ കളക്ടര്‍ ഇ ദേവദാസന് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 110 ഹെക്ടര്‍ സ്ഥലമാണ് ജില്ലയില്‍ ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 66 ഹെക്ടര്‍ ഏറ്റെടുക്കുന്നതിനുളള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. 35.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികള്‍ ഉടന്‍ ആരംഭിക്കും. ജൂലൈ 31 നകം സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കും. കെട്ടിടങ്ങളുടെ മൂല്യ നിര്‍ണ്ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരെ മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ്, കാസര്‍കോട് താലൂക്കുകളിലായി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഏറ്റവും പ്രധാന പരിഗണന നല്കുന്ന വിഷയമാണ് ദേശീയപാത വികസനമെന്നും കാസര്‍കോട് നിന്നും നിര്‍മ്മാണമാരംഭിക്കുന്നതിനാണ് പ്രഥമ പരിഗണന എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഭഗീരഥപ്രവര്‍ത്തനം ആവശ്യമാണെന്നും ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഇ ദേവദാസന് പറഞ്ഞു.
കാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിലെ ചളിയങ്കോട് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വീടുകള്‍ അപകടത്തിലായതും യോഗം ചര്‍ച്ച ചെയ്തു. പാര്‍ശ്വ ഭിത്തിയുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ കെ അംബുജാക്ഷന്, ബി അബ്ദുള്‍ നാസര്‍, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെപ്രതിനിധികളായ പ്രിന്‍സ് പ്രഭാകരന്, കെ.വി അബ്ദുല്ല, കെ. സേതുമാധവന് നായര്‍, പി. അശോകുമാര്‍, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പി. കെ മിനി, സി സുരേഷന്‍, സിജി സുഗതന്, പി സുരേന്ദ്ര കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം. കെ നാരായണന്, എന്നിവരും പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും ബി.എസ്.എന്‍.എല്‍ പ്രതിനിധികളും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: