മസാചുസെറ്റ്സ്: കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന നാളെ കളത്തില്‍. എതിരാളികള്‍ വെനസ്വേല. നാളെ പുലര്‍ച്ചെ 4.30ന് കിക്കോഫ്. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി മെക്സിക്കോയെ നേരിടും. നാളെ രാവിലെ 7.30ന് മത്സരം ആരംഭിക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് മെസ്സിയും സംഘവും ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ചിലിക്കെതിരായ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മെസ്സി കളിക്കാനിറങ്ങിയില്ലെങ്കിലും പനാമക്കെതിരെയും ബൊളീവിയക്കെതിരെയും രണ്ടാം പകുതിയില്‍ മൈതാനത്തെത്തി.
പനാമക്കെതിരെ ഗംഭീര ഹാട്രിക്കും മെസ്സി കരസ്ഥമാക്കി. മെസ്സിയും ഡി മരിയയും ഹിഗ്വയിനും ഉള്‍പ്പെടുന്ന അര്‍ജന്റീനക്കു തന്നെ മത്സരത്തില്‍ മുന്‍തൂക്കം. മെസ്സിയുടെ അഭാവത്തിലും ചിലിക്കെതിരെ വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം മെസ്സി കൂടി കളത്തിലെത്തുന്നതോടെ ഇരട്ടിയാകും.
കരുത്തുറ്റ മധ്യ-മുന്നേറ്റ നിരയാണ് അര്‍ജന്റീനയുടെ കരുത്ത്. ഡി മരിയക്ക് പുറമെ ജാവിയര്‍ മഷ്റാനോ, എവര്‍ ബനേഗ, അഗസ്റ്റൂസോ ഫെര്‍ണാണ്ടസ്, ലൂക്കാസ് ബിഗ്ലിയ, എവര്‍ ബനേഗ, എറിക് ലമേല തുടങ്ങിയവരാണ് മധ്യനിരയിലെ കരുത്തര്‍. സ്ട്രൈക്കര്‍മാരായി എസിക്വേല്‍ ലാവേസിയും ഹിഗ്വയിനും.
നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍ക്കോസ് റോജോ, റാമിറോ ഫ്യൂണ്‍ സ്മോറി, ഗബ്രിയേല്‍ മെര്‍ക്കാഡോ, ജോനാഥന് മൈദാന, ഫഫാകുന്ഡോ റോന്‍കാഗ്ലിയ എന്നിവരാണ് പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലക്ക് മുന്നില്‍ സെര്‍ജിയോ റൊമേറോയും ഇറങ്ങുമ്പോള്‍ വെനസ്വേലന്‍ നിര ഏറെ വിയര്‍ക്കുമെന്ന് ഉറപ്പ്. കോപ്പഅമേരിക്കയുടെ ചരിത്രത്തില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത് അഞ്ചാം തവണ. മുന്‍പ് നാല് തവണയും വിജയം അര്‍ജന്റീനക്കൊപ്പം.
കണക്കുകളിലെ ആ മേല്‍ക്കോയ്മയും തങ്ങള്‍ക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് മെസ്സിയും കൂട്ടരും. 2011-ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് വെനസ്വേല അര്‍ജന്റീനയെ അവസാനമായി തോല്‍പ്പിച്ചത്. അത്തരമൊരു അട്ടിമറിക്കാണ് അവര്‍ ഇത്തവണ കാത്തിരിക്കുന്നത്.
ഗ്രൂപ്പ് സിയില്‍ നിന്ന് മെക്സിക്കോക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് വെനസ്വേല ക്വാര്‍ട്ടറിലേക്ക് വന്നത്. ഉറുഗ്വെയെയും ജമൈക്കയെയും പരാജയപ്പെടുത്തിയ അവര്‍ മെക്സിക്കോയുമായി സമനില പാലിക്കുകയും ചെയ്തു. പഴുതടച്ച പ്രതിരോധവും തോല്ക്കാന് മനസ്സില്ലാത്ത പോരാട്ടവീര്യവുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ക്ക് തുണയായത്. സലോമന്‍ രണ്ഡന്, മാര്‍ട്ടിനസ്, മാനുവല്‍ വലേക്വസ് എന്നിവര്‍ പ്രധാനികള്‍.
നാളെ നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ വെല്ലുവിളിക്കാനിറങ്ങുന്നത് ഗ്രൂപ്പ് സി ചാമ്പ്യന്മാരായ മെക്സിക്കോ. ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ പരാജയപ്പെടുത്തി തുടങ്ങിയ മെക്സിക്കോ മികച്ച ഫോമിലാണ്. റാഫേല്‍ മാര്‍ക്വേസ്, ജാവിയര്‍ ഹെര്‍ണാണ്ടസ്, ഒറിബെ പെരാള്ട്ടെ, ഹെക്ടര്‍ ഹെരേര, ജീസസ് കൊറോണ എന്നിവരടങ്ങുന്ന താരനിര ഏറെ കരുത്തുകൂടിയവര്‍.
മറുവശത്ത് ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാണ് ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാമതായി ചിലി ക്വാര്‍ട്ടറിലെത്തിയത്. അലക്സി സാഞ്ചസ്, അര്‍ടൂറോ വിദാല്‍, എഡ്വേര്‍ഡോ വര്‍ഗാസ് തുടങ്ങിയവരടങ്ങുന്ന മധ്യ-മുന്നേറ്റനിരയാണ് ചിലിയുടെ കരുത്ത്. ഇരുടീമുകളും തമ്മില്‍ ഏഴാം തവണയാണ് കോപ്പയില്‍ ഏറ്റുമുട്ടത്. മുന്‍പ് ആറ് തവണ കളിച്ചപ്പോള്‍ മൂന്ന് തവണയും വിജയം മെക്സിക്കോക്കൊപ്പം. അതേസമയം ചിലി വിജയിച്ചത് ഒരിക്കല്‍ മാത്രവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: