ഭാരതത്തിലെ മുനിശ്രേഷ്ഠന്മാര്‍ തങ്ങളുടെ വരുംതലമുറയുടെ ശാരീരിക മാനസിക ശാന്തിക്കുവേണ്ടി നല്‍കിയ മഹാപൈതൃകമാണ് യോഗ. ഇവയെല്ലാം ഒരേ വ്യക്തിയാല്‍ ചിട്ടപ്പെടുത്തിയതോ രചിക്കപ്പെട്ടതോ അല്ല. കാലഘട്ടത്തിനും ആവശ്യങ്ങള്‍ക്കും അനുഗുണമായി അനേകം യോഗീശ്വന്മാരില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇവ സമാഹരിച്ചുകൊണ്ട് പതഞ്ജലി എന്ന യോഗി ശ്രേഷ്ഠന്‍ തയ്യാറാക്കിയ ഗ്രന്ഥമാണ് പതഞ്ജലി യോഗസൂത്രം.
സമഗ്രമായ യോജിപ്പ്, ഐക്യം എന്നാണ് യോഗയുടെ അര്‍ത്ഥം. അതായത് ചൈതന്യപാരാവാരമായ പരമാത്മാവും ചൈതന്യത്തിന്റെ ചെറുകണികയായ ജീവാത്മാവും തമ്മിലുള്ള ഐക്യം. ഈ പരമമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് യോഗ. ഈ യാത്രയ്‌ക്ക് ഒഴിച്ചുകൂടാനാവാത്ത മുതല്‍ക്കൂട്ടാണ് ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി. ഈ മാര്‍ഗത്തെ ദീപ്തമാക്കുന്ന വഴിവിളക്കാകുന്ന യോഗ.
അത് മാനുഷികസത്തയെ പരിശുദ്ധമായ ബോധതലത്തിലേക്കുയര്‍ത്തുന്നു. ദിവ്യബോധത്തിലെത്തിയ വ്യക്തി ശാന്തിയുടെയും സമാധാനത്തിന്റെയും ഉന്നതതലത്തിലെത്തുന്നു. ഇങ്ങനെയുള്ളയാള്‍ പ്രപഞ്ച സ്‌നേഹിയായിരിക്കും.
ഭഗവദ്ഗീതയില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ഒരു പദം കൂടിയാണ് യോഗം. (1) അര്‍ജുന വിഷാദയോഗം, (2) സംഖ്യയോഗം (3) കര്‍മയോഗം, ജ്ഞാനയോഗം (4)കര്‍മസംന്യാസയോഗം (5) ധ്യാനയോഗം (7)ജ്ഞാനവിജ്ഞാനയോഗം (8)ക്ഷരാക്ഷര ബ്രഹ്മയോഗം (9) രാജവിദ്യാരാജഗുഹ്യയോഗം (10)വിഭൂതിയോഗം (11) വിശ്വരൂപ ദര്‍ശനയോഗം (12) ഭക്തിയോഗം (13) ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം (14) ഗുണത്രയ വിഭാഗയോഗം (15) പുരുഷോത്തമ യോഗം (16) ദൈവാസുര സമ്പദ്വിഭാഗയോഗം (17) ശ്രദ്ധാത്രയ വിഭാഗയോഗം (18) മോക്ഷസംന്യാസയോഗം എന്നിങ്ങനെ പതിനെട്ടാണ് ഗീതയിലെ അദ്ധ്യായങ്ങള്‍ തന്നെ.
പരമാത്മാവിലേക്ക് സഞ്ചരിക്കുന്നതിനുള്ള വിഴികളായിട്ടാണ് ഈ യോഗങ്ങള്‍ വിധിച്ചിരിക്കുന്നത്. യോഗീശ്വരനായ കൃഷ്ണന്‍ തന്നെയാണ് സംശയാലുവായ പാര്‍ത്ഥന് ഇത് ഉപദേശിക്കുന്നത്. അവിടെ ശ്രീകൃഷ്ണന്‍ ശരിയായ ഗുരുവാകുന്നു. ഈ ഗുരുത്വം യോഗയുടെ കാര്യത്തിലും വേണ്ടതാണ്.
(തുടരും)
















