കുമ്പള: കടല്‍ക്ഷോഭത്തെ പ്രകൃതി ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനും, മത്സ്യത്തൊഴിലാളികള്‍ക്കുള്ള വറുതികാല ധനസഹായം 900 രൂപയില്‍ നിന്നും 1500 രൂപയാക്കാനും, ഉള്‍നാടന്‍ മേഖലയിലെ കുളങ്ങള്‍ക്കും ടാങ്ക് നിര്‍മ്മാണത്തിനും കേന്ദ്രസഹായം 75000 രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്താനും, പുതിയ കുളങ്ങള്‍ നിര്‍മ്മിക്കുന്നതിന് നല്കുന്ന ധനസഹായം 3 ലക്ഷത്തില്‍ നിന്ന് 7 ലക്ഷം രൂപയാക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചതില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ കമ്മറ്റി സ്വാഗതം ചെയ്തു.
കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് മറൈന്‍ ആംബുലന്‍സ് വാങ്ങാനുള്ള നീക്കത്തെയും യോഗം സ്വാഗതം ചെയ്തു. കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന് പുതിയവളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.പവിത്രന്, ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍, ഭാസ്കരന് കീഴൂര്‍, രഘു അജാനൂര്‍, ഉണ്ണി പുതിയവളപ്പില്‍, രവീന്ദ്രന് പുഞ്ചാവി, സുധന് സംസാരിച്ചു. നാരായണന് കുമ്പള സ്വാഗതവും അജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: