കാസര്‍കോട്: കടല്‍ക്ഷോഭത്തില്‍ കാസര്‍കോട് കടപ്പുറത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും ഭരണവര്ഗ്ഗക്കാരും, അവരെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കടല്‍ക്ഷോഭം തുടങ്ങി ഇത്രയും നാളായിട്ടും തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ലെന്ന് ബിജെപി കടപ്പുറം യൂണിറ്റ് യോഗം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിടവും മറ്റും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട എംപി കടപ്പുറം കണ്ടിട്ട് വര്‍ഷങ്ങളായി. കടല്‍ഭിത്തി കെട്ടണമെന്ന ആവശ്യം ഓരോ വര്‍ഷവും ഉന്നയിക്കാറുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. വര്‍ഷംതോറും നടക്കുന്ന കടല്‍ക്ഷോഭത്തില്‍ ജീവനും, സ്വത്തിനും നാശനഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടും അതിനുവേണ്ട മുന്‍കരുതലുകളെടുക്കാന്‍ കഴിയാത്ത ജില്ലാ ഭരണകൂടവും രാഷ്ട്രീയക്കാരും കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ മാത്രം നടത്തുന്ന നാടകം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ പോലീസും ഭരണകൂടവും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഇതിനെതരെ വേണ്ടിവന്നാല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. ശശി അധ്യക്ഷത വഹിച്ചു. കാസര്‍കോട് കടപ്പുറം കൗണ്‍സിലര്‍മാരായ കെ.ജി.മനോഹരന്, ഉമാ ഉണ്ണികൃഷ്ണന്, പ്രേമ സംസാരിച്ചു. ഷിബു സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: