ഉദുമ: കാസര്‍കോട് ചന്ദ്രഗിരി റൂട്ടില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന കെഎസ്ടിപി റോഡില്‍ അപകടം തുടര്‍ക്കഥയായ സാഹചര്യത്തില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ ഹംപുകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ ദിവസം പളളിക്കരയില്‍ അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ആല് മരത്തിലിടിച്ച് ആറു പേരുടെ ജീവനാണ് പൊലിഞ്ഞു പോയത്. ദിവസങ്ങള്‍ക്ക് മുമ്പ് ബേക്കലില്‍ നടന്ന് പോകുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചിരുന്നു, പുതിയതായി മെക്കാഡം ടാറിംഗ് നടത്തിയ റോഡില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല കാറുകളുടെ അനുവദനീയമായ വേഗത മണിക്കൂറില്‍ 6080 ആണെന്നിരിക്കെ 120 150 സ്പീഡിലാണ് ഇതു വഴി വാഹന ങ്ങള് സഞ്ചരിക്കുന്നത്.
വാഹനങ്ങളുട വേഗത രേഖപ്പെടുത്താനുള്ള ക്യാമറകളും ഈ റൂട്ടില്‍ സ്ഥാപിച്ചിട്ടില്ല, കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയപാതയിലെ ബട്ടത്തുരില്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരത്തില്‍ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ചന്ദ്രഗിരി റൂട്ടില്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനുള്ള നടപടികള്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം മരണപ്പെട്ട ആറു പേരടക്കം, കെഎസ്ടിപി റോഡ് നിര്‍മ്മാണം തുടങ്ങിയ ശേഷം 17 ഓളം പേരാണ് അപകടത്തില്‍ മരിച്ചത്. കരാര്‍ പ്രകാരം റോഡ് നിര്‍മ്മിക്കാത്തതും അപകടത്തിന് ആക്കം കൂട്ടിയതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: