കാസര്‍കോട്: ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ വിവിധ ബ്ലോക്കുകളിലെ പൊതു ശൗചാലയങ്ങള്‍ ഉള്‍പ്പെടെ ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓഫീസ് മേധാവികളുടെ യോഗത്തില്‍ തീരുമാനിച്ചു.
കളക്ടറേറ്റ് ഉള്‍പ്പെടുന്ന സിവില്‍ സ്റ്റേഷനിലെ പൊതു ശൗചാലയങ്ങളുടെ ദയനീയ സ്ഥിതിയെകുറിച്ച് ജൂണ്‍ 4 ന് ജനമഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കളക്ട്രേറ്റിലെ പൊതുശൗചാലയങ്ങള്‍ മദ്യക്കുപ്പികളുടെ സംഭരണശാലകള്‍: ജില്ലാ കളക്ടറാകട്ടെ നോക്കു കുത്തി എന്ന തലക്കെട്ടില്‍ നല്കിയ വാര്‍ത്ത യുടെ അടിസ്ഥാനത്തിലാണ് നടപടി. ദിനം പ്രതി നൂറുകണക്കിന് ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങുന്ന കളക്ട്രേറ്റിലെ പൊതു ശൗചാലയങ്ങള്‍ മദ്യ കുപ്പികളുടെ സംഭരണ ശാലകളായി മാറിയിരുന്നു. അടച്ചുറപ്പില്ലാത്ത വാതിലുകളും, വൃത്തി ഹീനമായ ചുറ്റുപാടുകളും കാരണം പല ശൗചാലയങ്ങളും ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തുന്ന സാധാരണക്കാര്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്താനാകാതെ ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്. കളക്ടറുടെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കിയാല്‍ സിവില്‍ സ്റ്റേഷനിലെത്തുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമായി മാറും.
പ്രവര്‍ത്തി സമയത്തിനു ശേഷം പൊതു ശൗചാലയങ്ങള്‍ അടച്ച് പൂട്ടും. വൃത്തിഹീനമായ ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനും അതിന് സാധിക്കാത്തവിധം മോശമായവ ഉപേക്ഷിക്കുന്നതിനും തീരുമാനമായി. പൊതു ശൗചാലയങ്ങളുടെ സമീപത്തുളള ഓഫീസുകള്‍ക്കായിരിക്കും അതിന്റെ ചുമതല. ഇവയുടെ ശുചിത്വം ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട ഓഫീസുകളിലെ ജീവനക്കാരെ ചുമതലപ്പെടുത്തും. ഓഫീസുകള്‍ക്ക് വെളിയിലുളള പൊതു ശൗചാലയങ്ങളാണ് വൃത്തിഹീനമായത്. ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളും ശൗചാലയങ്ങളും അടച്ചുറപ്പുളളതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ എഡിഎം വി പി മുരളീധരന്, ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ ഓഫീസ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: