കോട്ടയം: ഒമാനില്‍ കൊല്ലപ്പെട്ട മണര്‍കാട് സ്വദേശിയുടെ മൃതദേഹം അടുത്ത ആഴ്ച നാട്ടില്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ടപ്പോള്‍ ഇതു സംബന്ധിച്ചു ഉറപ്പു ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നും നാളെയും ഒമാനില്‍ അവധിയായതിനാല്‍ ഞായറാഴ്ച മാത്രമെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടിക്രമങ്ങള്‍ ആരംഭിക്കു. മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ചു പട്രോള്‍പമ്പ് അധികൃതര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പന്ത്രണ്ടു വര്‍ഷത്തോളമായി ജോണ്‍ഫിലിപ്പ് ഇബ്രി ബുറൈമി റോഡില്‍ സനീനയിലെ അല്‍മഹാ പെട്രോള്‍ പമ്പില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജോണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ജോണ്‍ ഫിലിപ്പിന്റെ ജേഷ്ഠന്‍ ജേക്കബ് ഫിലിപ്പ് പറഞ്ഞു. ബിനുവാണ് ജോണിന്റെ ഭാര്യ. പ്ലസ്സ്‌വണ്‍ വിദ്യാര്‍ത്ഥി റോണക്, അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആന്‍മേരി എന്നിവര്‍ മക്കളാണ്.
















