കല്‍പ്പറ്റ : വയനാട് മെഡിക്കല്‍ കോളേജിനായി കോട്ടത്തറവില്ലേജില് ചന്ദ്രപ്രഭചാരിറ്റബിള് ട്രസ്റ്റിന്റെ കൈവശത്തിലുള്ള ഭൂമിയില്‍ 50 ഏക്കര്‍ മുന്‍ സര്‍ക്കാര്‍ ദാനമായി സ്വീകരിച്ചതിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്ന് ആവശ്യപ്പട്ട് മുഖ്യമന്ത്രിക്ക് നിവേദനം. ചരിത്രകാരനും സാമൂഹികപ്രവര്‍ത്തകനുമായ വെങ്ങപ്പള്ളി പുതിയമഠത്തില്‍ പി.കെ. ഗോപിനാഥാണ് (മുണ്ടക്കയം ഗോപി) നിവേദകന്.
കോട്ടത്തറ വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 1058ല്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശത്തിലുള്ള 105.44 ഏക്കര്‍ ഭൂമിയില്‍ 50 ഏക്കറാണ് മെഡിക്കല്‍ കോളേജ് നിര്‍മാണത്തിന് സര്‍ക്കാര്‍ ദാനമായി സ്വീകരിച്ചത്. ഈ സര്‍വേ നമ്പരില്‍പ്പെട്ട ഭൂമി കൈവശംവെക്കാനോ ആദായമെടുക്കാനോ ട്രസ്റ്റിനു നിയമപരമായ അവകാശം ഇല്ലെന്നിരിക്കെ ദാനം സ്വീകരിച്ചത് മൊത്തം ഭൂമിയില്‍ ട്രസ്റ്റിന് ഉടമാവകാശം അംഗീകരിച്ചുകൊടുക്കുന്നതും പൊതു താത്പര്യത്തെ ഹനിക്കുന്നതുമാണെന്ന് നിവേദനത്തില്‍ പറയുന്നു. ഭൂമി ഇടപാടില്‍ മുന്‍ സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും നടപടികള്‍ പൊതുമുതല്‍ അന്യാധീനപ്പെടുത്തുന്നതും സ്വകാര്യവ്യക്തികള്‍ക്ക് സാമ്പത്തിക ലാഭങ്ങള്‍ക്ക് സഹായകമാകുന്നതും ചില വ്യക്തിക്ക് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നതുമായിരുന്നുവെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളികളായ റവന്യൂ-വനം ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെ നിയമത്തിനുമുന്നില്നിര്ത്താന് ഉന്നതതല അന്വേഷണം അനിവാര്യമാണെന്ന് നിവേദത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: