ളാക്കാട്ടൂര്‍: ഭാരതകേസരി മന്നത്തുപദ്മനാഭന്‍ മുന്‍കയ്യെടുത്ത് 1948ല്‍ തുടക്കം കുറിച്ച മഹാത്മാഗാന്ധി മെമ്മോറിയല്‍ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം സില്‍വര്‍ ജൂബിലി നിറവില്‍. 1991ലാണ് ഈ സ്‌കൂളില്‍ പ്ലസ്ടു വിഭാഗം ആരംഭിച്ചത്. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ്ടു വിഭാഗത്തില്‍ പഠിക്കുന്ന സ്‌കൂളാണ് ളാക്കാട്ടൂരിലേത്.
960 വിദ്യാര്‍ത്ഥികളാണ് ഇവിടെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്നത്. സയന്‍സ്, കമ്പ്യൂട്ടര്‍, കൊമേഴ്‌സ്, മാനവികവിഷയങ്ങളിലായി 16 ക്ലാസ്മുറികളും വിശാലമായ ഉന്നതനിലവാരമുള്ള വായനശാലയും എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍, ആധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി എന്നിവ സജ്ജമാണിവിടെ. 33 അദ്ധ്യാപകരും 3 അനധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. സ്‌കൂള്‍ കലോത്സവത്തിലും കായികമേളകളിലും നിറസാന്നിധ്യമാണ് ളാക്കാട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വൈവിധ്യമുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അന്താരാഷ്‌ട്ര വിദ്യാഭ്യാസ സെമിനാര്‍, സാഹിത്യ-കവി സമ്മേളനം, പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം, മാതൃസമ്മേളനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. സ്‌കൂള്‍ അങ്കണത്തില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമയും സില്‍വര്‍ ജൂബിലി കവാടവും നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജോസ്.കെ.മാണി.എം .പി, എന്‍.ഹരി, വി.എന്‍.വാസവന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായിട്ടുള്ള സ്വാഗതസംഘമാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 17ന് ഉച്ചയ്‌ക്ക് 2ന് ഉമ്മന്‍ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും. സംവിധായകനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഋഷിശിവകുമാര്‍ ദളമര്‍മ്മരം 2016 പ്രകാശനം ചെയ്യും. ഡോ. അലക്‌സാണ്ടര്‍ കപ്ലിക്കാല മെഡലും കാഷ് അവാര്‍ഡുകളും വിതരണം ചെയ്യും. പരിപാടികള്‍ക്ക് മാനേജര്‍ ആര്‍.രാമചന്ദ്രന്‍ നായര്‍ പ്രിന്‍സിപ്പല്‍ കെ.ജി.സന്തോഷ് കുമാര്‍, കണ്‍വീനര്‍മാരായ മീനടം ഹരികുമാര്‍, കെ.കെ.ഗോപകുമാര്‍, എന്‍.അജിത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
















