ഫിലാഡല്‍ഫിയ: സൂപ്പര്‍താരങ്ങളായ എഡ്വേര്‍ഡോ വര്‍ഗാസിന്റെയും അലക്സിസ് സാഞ്ചസിന്റെയും മിന്നുന്ന സ്ട്രൈക്കിങ് മികവില്‍ ചിലി കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. ഇരുവരും രണ്ട് ഗോളുകള്‍ വീതം നേടിയ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ചിലി പനാമയെ കീഴടക്കിയത്. പൊരുതി വീണ കോപ്പയിലെ അതിഥി രാഷ്ട്രമായ പാനമയ്ക്കുവേയി കാമാര്ഗോയും അരോയോയുമാണ് ലക്ഷ്യം കണ്ടത്. കളിയില്‍ ആദ്യം ഗോള്‍ നേടിയത് പനാമയാണ്.
ഗ്രൂപ്പ് ഡിയില്‍ നിന്ന് അര്‍ജന്റീനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് നിലവിലെ ചാമ്പ്യന്മാരായ ചിലി അവസാന എട്ടില്‍ ഇടംപിടിച്ചത്. മെക്സിക്കോയാണ് ക്വാര്‍ട്ടറില്‍ ചിലിയുടെ എതിരാളികള്‍.
കളിയില്‍ പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ചിലിയായിരുന്നു. എന്നാല്‍ പനാമ താരങ്ങളും വെറുതെയിരുന്നില്ല. കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രത്യാക്രമണങ്ങളുമായി ചിലിയിന്‍ പ്രതിരോധത്തെ അവര്‍ വിറപ്പിച്ചു. കളി തുടങ്ങി അഞ്ചാം മിനിറ്റിലാണ് ചിലിയെ ഞെട്ടിച്ച് പനാമ ആദ്യ ഗോള്‍ നേടിയത്. ബോക്സിന് പുറത്തുനിന്ന് ഏകദേശം 30 വാര അകലെ നിന്ന് കാമാര്‍ഗോ തൊടുത്ത ഷോട്ട് ചിലി ഗോളി ക്ലോഡിയോ ബ്രാവോയ്ക്ക് കൈയിലൊതുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ സ്ഥാനം തെറ്റിനിന്ന ഗോളിയുടെ പിഴവില്‍ പനാമ 1-0ന് മുന്നില്‍. പത്ത് മിനിറ്റിനുശേഷം ചിലി സമനില പിടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്സില്‍ പ്രവേശിച്ച ശേഷം അലക്സിസ് സാഞ്ചസ് പായിച്ച ഷോട്ട് പനാമ ഗോളി തടുത്തിട്ടെങ്കിലും റീബൗണ്ട് പന്ത് സ്വന്തമാക്കി എഡ്വേര്‍ഡോ വര്‍ഗാസ് വല കുലുക്കി. സമനില നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ചിലി ആക്രമണം കൂടുതല്‍ ശക്തമാക്കി.
വിദാലും സാഞ്ചസും വര്ഗാസുമായിരുന്നു കൂടുതല്‍ അപകടകാരികള്‍. നിരവധി തവണ അവര്‍ പന്തുമായി ബോക്സിലെത്തിയെങ്കിലും പനാമ പ്രതിരോധത്തിന് കരുത്തുകൂട്ടി അവയെല്ലാം തടുത്തിട്ടു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 43-ാം മിനിറ്റില്‍ പനാമ പ്രതിരോധം ഭേദിച്ച് വര്‍ഗാസിന്റെ സൂപ്പര്‍ ഗോള്‍. ബ്യൂസിയോര് നല്കിയ ക്രോസാണ് ബുള്ളറ്റ് കണക്കെയുള്ള ഹെഡ്ഡറിലൂടെ വര്‍ഗാസ് വലയിലെത്തിച്ചത്.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ ചിലി വീണ്ടും ലക്ഷ്യം കണ്ടു. വര്‍ഗാസ് നല്കിയ പാസ് സാഞ്ചസ് തകര്‍പ്പന്‍ വോളിയിലൂടെ വലയിലെത്തിച്ചു.
ക്വാര്‍ട്ടര്‍ പ്രവേശത്തിന് ജയം അനിവാര്യമായിരുന്ന പനാമ നിരന്തരം നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുപോയി. അവസരങ്ങള്‍ രണ്ട് പക്ഷത്തും ഒരു പോലെ പിറക്കുന്നത് കണ്ട നിമിഷത്തില്‍ അപ്രതീക്ഷിതമായി പനാമ വീണ്ടും ലക്ഷ്യം കണ്ടു. ഫ്രീകിക്കില്‍ നിന്ന് അേരായോ മോളിനര് തൊടുത്ത ഹെഡ്ഡര്‍ വലയില്‍ കയറുന്നത് വെറുതെ നോക്കിനില്‍ക്കാനേ ഗോളി ബ്രാവോയ്ക്ക് കഴിഞ്ഞുള്ളൂ. 89-ാം മിനിറ്റില്‍ ഫ്യൂന്‍സാലിഡയുടെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് സാഞ്ചസ് തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: