കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ചു. നാല് ഗ്രൂപ്പുകളിലായി 16 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നത് എട്ട് ടീമുകളും ആകെ ഏഴ് മത്സരങ്ങളും. നാല് ക്വാര്‍ട്ടര്‍ ഫൈനലുകളും രണ്ട് സെമിയും ഫൈനലും. ഇന്ന് കളിയില്ല. ഗ്രൂപ്പ് എയില്‍ നിന്ന് ആതിഥേരായ യുഎസ്എ, കൊളംബിയ, ഗ്രൂപ്പ് ബിയില്‍ നിന്ന് പെറു, ഇക്വഡോര്‍, സി ഗ്രൂപ്പില്‍ നിന്ന് വെനസ്വേല, മെക്സിക്കോ, ഗ്രൂപ്പ് ഡിയില്‍ നിന്ന് അര്‍ജന്റീന, നിലവിലെ ചാമ്പ്യന്മാരായ ചിലി എന്നീ ടീമുകളാണ് അവസാന എട്ടിലേക്ക് യോഗ്യത നേടിയത്.
നാളെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാവിലെ 7ന് യുഎസ്എ ഇക്വഡോറിനെ നേരിടും. 18ന് പുലര്‍ച്ചെ 5.30ന് പെറു കൊളംബിയയെയും 19ന് പുലര്‍ച്ചെ 4.30ന് അര്‍ജന്റീന വെനസ്വേലയെയും രാവിലെ 7.30ന് മെക്സിക്കോ ചിലിയെയും നേരിടും.
ഗ്രൂപ്പ് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്രസീലും ഉറുഗ്വെയും പുറത്തായതാണ് ഏറ്റവും സങ്കടകരം. നെയ്മറുടെ അഭാവത്തില്‍ ബ്രസീലും ടീമിലുണ്ടായിരുന്നിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാനിറങ്ങാതിരുന്ന ലൂയി സുവാരസിന്റെ അഭാവത്തില്‍ ഉറുഗ്വെയും ഗോളടി മറന്നതാണ് തിരിച്ചടിയായത്. സുവാരസ് കളിച്ചില്ലെങ്കിലും മറ്റൊരു സൂപ്പര്‍ താരമായ എഡിസണ് കവാനി തീര്‍ത്തും നിറം മങ്ങിയതാണ് ഉറുഗ്വെയ്ക്ക് തിരിച്ചടിയായത്.
അതേസമയം മികച്ച താരങ്ങളുടെ അഭാവത്തിലാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത് എന്ന് വേണമെങ്കില്‍ ആശ്വസിക്കാം എന്നുമാത്രം. ആറ് പ്രമുഖരില്ലാതെയാണ് ബ്രസീല്‍ കോപ്പക്ക് ബുട്ടുകെട്ടിയത്. എങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താനുതകുന്ന ഒരു മത്സരം പോലും അവര്‍ക്ക് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല എന്നതും ഒരു സത്യം. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഇക്വഡോറിനെതിരെയും പെറുവിനെതിരെയും ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞില്ല എന്നത് ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. പ്രതിഭാധാരാളിത്തമുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഇത്തരമൊരു പ്രകടനമല്ല ആരാധകര്‍ പ്രതീക്ഷിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനൊപ്പം ബ്രസീല്‍ കോച്ച് ദുംഗയുടെ പണിയും പോയി.
ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന 24 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകളാണ് പിറന്നത്. രണ്ട് ഹാട്രിക്കും. ബ്രസീലിന്റെ പൗലോ കുടീഞ്ഞോയും അര്‍ജന്റീനയുടെ നായകന് ലയണല്‍ മെസ്സിയുമാണ് ഹാട്രിക്കിന് അവകാശികള്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ ഏറ്റവും മികച്ച വിജയം നേടിയത് ക്വാര്‍ട്ടര്‍ കടക്കാതെ പുറത്തുപോയ കാനറികള്‍. ഹെയ്തിക്കെതിരായ കളിയില്‍ കുടീഞ്ഞോയുടെ ഹാട്രിക്ക് കരുത്തില്‍ ബ്രസീല്‍ വിജയിച്ചത് 7-1ന്.
രണ്ടാമത്തെ ഏറ്റവും വലിയ വിജയം അര്‍ജന്റീനക്ക്. പകരക്കാരനായി ഇറങ്ങി ഹാട്രിക് സ്വന്തമാക്കിയ മെസ്സിയുടെ കരുത്തില്‍ അര്‍ജന്റീന പനാമയെ പരാജയപ്പെടുത്തിയത് 5-0ന്. യുഎസ്എ കോസ്റ്ററിക്കയെയും ഇക്വഡോര്‍ ഹെയ്തിയെയും കീഴടക്കിയത് 4-0നും.
ഉറുഗ്വെയ്ക്കെതിരെ മെക്സിക്കോയും വെനസ്വേലയും ബ്രസീലിനെതിരെ പെറവും നേടിയത് ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങള്‍.
ബ്രസീലിനെ പെറുവിന്റെ റൂയിഡയസിന്റെ കൈകൊണ്ടുള്ള ഗോള്‍ ചതിച്ചപ്പോള്‍ ഉറുഗ്വെയുടെ തോല്‍വികള്‍ രണ്ടും അതിദയനീയം. മെക്സിക്കോയോട് 3-1നും വെനസ്വേലയോട് 1-0നുമായിരുന്നു മുന്‍ ലോക, കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വെയുടെ തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: