വനവാസത്തിനിടയില്‍ ശ്രീരാമ ലക്ഷ്മണാദികള്‍ ഒരു നദിക്കരയിലെത്തി. ശ്രീരാമന്‍ തന്റെ വില്ല് നദിക്കരയിലെ ചതുപ്പില്‍ കുത്തിവെച്ച് നദിയിലിറങ്ങി കരചരണാദികള്‍ കഴുകുകയും ദാഹം തീര്‍ക്കുകയും ചെയ്തു.
തിരിച്ച് കരയിലെത്തി നിലത്തു കുത്തിവെച്ച വില്ലെടുത്തപ്പോള്‍ അതിന്റെ അറ്റത്ത് രക്തം പുരണ്ടിരിക്കുന്നതായിക്കണ്ടു. ഉടന്‍ തന്നെ ലക്ഷ്മണന്‍ സംശയം തീര്‍ക്കാന്‍ ആ സ്ഥലത്തെ മണ്ണുമാറ്റിനോക്കി. അപ്പോള്‍ വില്ലിന്റെ അഗ്രഭാഗം കൊണ്ട് ഒരു തവള മൃതപ്രായനായി കിടക്കുന്നത് കണ്ടു. തന്റെ വില്ലുകൊണ്ട് അവശനിലയില്‍ കിടക്കുന്ന തവളയോട് രാമന്‍ ചോദിച്ചു:
“നീയെന്താണ് വില്ലുകൊണ്ടപ്പോള്‍ നിലവിളിക്കാതിരുന്നത്? പാമ്പു പിടിക്കുമ്പോള്‍ നീ നിലവിളിക്കാറുണ്ടല്ലോ!”
ഭഗവാന്റെ വാക്കുകേട്ട് തവള പറഞ്ഞു:
“പ്രഭോ! പാമ്പിന്റെ വായില്‍പ്പെടുമ്പോള്‍ ‘രാമാ, രക്ഷിക്കൂ…’ എന്ന് അവിടുത്തെ വിളിച്ചാണ് ഞാന്‍ കരയാറുള്ളത്. ഇപ്പോള്‍ അങ്ങയുടെ വില്ലുതന്നെ എന്റെ ദേഹത്തു തറച്ചപ്പോള്‍ ഞാന്‍ ആരെ വിളിച്ചാണ് കരയേണ്ടത്?! സമ്പത്തും ആപത്തും ഈശ്വരനിശ്ചയം തന്നെ!”
തുടരും
















