ദല്‍ഹിയില്‍ നടന്ന വനിതാ മാദ്ധ്യമപ്രവര്‍ത്തക ശില്‍പ്പശാല കേന്ദ്ര മന്ത്രി മനേകാ ഗാന്ധി
ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
ഒറ്റപ്പെട്ട സ്ത്രീശബ്ദങ്ങളാണ് പലപ്പോഴും ശ്രദ്ധേയമാകുന്നത്. സഹായത്തിനുള്ള നിലവിളിയാണെങ്കിലും ശകാരത്തിന്റെ ആക്രോശമാണെങ്കിലും സംഘടിതമായി കേള്‍ക്കുന്നത് കുറവാണ്. പ്രത്യേകിച്ച് വ്യവസ്ഥാപിത വേദികളിലൂടെ; കൃത്യമായി പറഞ്ഞാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ. എന്നോ, എങ്ങനെയോ അങ്ങനെയൊരു ധാരണവന്നുപോയി.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ത്രീയ്ക്കെതിരാണെന്ന്. അങ്ങനെ തോന്നിപ്പിയ്ക്കാനുള്ള സാഹചര്യങ്ങളുമേറെയുണ്ട്. പുരുഷാധിപത്യമെന്നും സ്ത്രീകള്‍ക്കു മേലുള്ള അധീശത്വമെന്നും മറ്റുമുള്ള പ്രയോഗങ്ങളും ശൈലികളും വളര്‍ച്ചയുടെ കാലത്തില്‍ നമ്മുടെ സമൂഹത്തില്‍ കടന്നുകൂടി. പക്ഷേ, സ്ത്രീയും പുരുഷനും തോളോടു തോള് നിന്നു മുന്നേറിയ കാലമുണ്ടായിരുന്നുവെന്ന് ചരിത്രം ചികഞ്ഞാല്‍ കാണം.
അതെന്തായാലും, സര്‍ക്കാര്‍ മുന്നിട്ടിറങ്ങി രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനു വിവിധ പദ്ധതികള്‍ നടപ്പാക്കിയ കാലം മുമ്പുണ്ടായിട്ടില്ലെന്നു സാക്ഷ്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞമാസം ദല്‍ഹിയില്‍ നടന്ന വനിതാ മാദ്ധ്യമപ്രവര്‍ത്തക ശില്‍പ്പശാല. ശരിയാണ്, വനിതാ പ്രസ്ഥാനങ്ങളുടെയും വനിതകളുടെയും ദീര്‍ഘനാളത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇത്തരമൊരു സ്ഥിതിവിശേഷത്തിനു പ്രചോദനമായിട്ടുണ്ടാകാം.
പക്ഷേ, സ്വതന്ത്രഭാരതത്തില്‍ ഇതാദ്യമായിരുന്നു ഇത്തരമൊരു സംരംഭം. കൃത്യമായ ലക്ഷ്യം, ആശയം, ആസൂത്രണം, പദ്ധതി അതുണ്ടായിരുന്നു ശില്‍പ്പശാലയ്ക്ക്, അതുകൊണ്ടുതന്നെ അതിന്റെ തുടര്‍ പ്രവര്‍ത്തനം വലിയ മാറ്റങ്ങള്‍ക്കു കാരണമാകും.
അതുകൊണ്ടുതന്നെ, ഭാരതത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയ ദിനമായിരുന്നു 2016 ജൂണ്‍ ഏഴ്. സ്വാതന്ത്ര്യ ലബ്ധിയ്ക്കുശേഷം ആദ്യമായാണ് ദേശീയതലത്തില്‍ വനിതാ മാദ്ധ്യമപ്രവര്ത്തകര്ക്കുമാത്രമായി ഒരു ശില്പശാല കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചത്. ദല്‍ഹിയിലെ വിജ്ഞാന് ഭവനിലായിരുന്നു ശില്പശാല.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 120 മാദ്ധ്യമസ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത 250 ല്‍ പരം വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ ശില്‍പ്പശാലയില്‍ ഒന്നിച്ചുകൂടി. പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലെയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലെയും വനിതാ പ്രവര്‍ത്തകരുണ്ടായിരുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ചേര്‍ന്നാണിത് സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രി മനേകാ ഗാന്ധിയയുടെ ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തപ്പോള്‍ അതു നടപ്പിലാകുകയായിരുന്നു.
സ്ത്രീസുരക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍ പ്രമുഖമാണ്. സ്ത്രീയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ചിതറിക്കിടക്കുന്ന സ്ത്രീശക്തിയെ ഒന്നിപ്പിച്ച് ഉണര്‍ത്തി, അവര്‍ക്ക് ദിശാബോധം നല്‍കാനും, അവര്‍ക്കൊത്തു പ്രവര്‍ത്തിക്കാനും ജനാധിപത്യത്തിന്റെ നാലാം തൂണിനെ സജ്ജമാക്കുകയായിരുന്നു ശില്‍പ്പശാലയുടെ ലക്ഷ്യം.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്ട്ടുചെയ്യുകമാത്രമല്ല മാദ്ധ്യമപ്രവര്‍ത്തനം. അവരുടെ അവസ്ഥയ്ക്ക് കണ്ണീരകമ്പടി നേടിക്കൊടുക്കുയുമല്ല. അവരെ ഒന്നിപ്പിയ്ക്കാനും ശക്തരാക്കുവാനും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിക്കാന്‍ തയ്യാറായതും.
‘മാറ്റത്തിന്റെ ഏജന്റുമാരാകാം
സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ മാദ്ധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രശ്നങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല, അതിന് പരിഹാരം നിര്‍ദ്ദേശിക്കാനും അവര്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ മാദ്ധ്യമപ്രവര്‍ത്തകരെ വനിതാ ശിശുക്ഷേമ സംബന്ധമായ വിഷയങ്ങളില്‍ സശക്തരാക്കുകയാണ് മുഖ്യമായും ലക്ഷ്യമിട്ടത്. സാമൂഹ്യമാറ്റത്തിനായി രഹസ്യാന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ മാദ്ധ്യമപ്രവര്ത്തകര്ക്കേ കഴിയൂ.
സാമൂഹ്യമാറ്റത്തിന്റെ ഏജന്റുമാരാകാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്ന ആശയമാണ് മനേകാ ഗാന്ധി മുന്നോട്ടുവച്ചത്.
മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കമ്മ്യൂണിക്കേഷന്റെ രണ്ടു തലങ്ങളുള്ള ചാനലുകളായി പ്രവര്‍ത്തിക്കാനാകും. അതായത് നാടിന്റെ താഴെ തട്ടിലെയും ഭരണസിരാകേന്ദ്രത്തിലെയും വക്താക്കളാകാന്‍ അവര്‍ക്ക് സാധിക്കും. കേന്ദ്രം വനിതകള്‍ക്കും കുട്ടികള്‍ക്കുമായി നടപ്പാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ച് സ്ത്രീ സമൂഹത്തിന് വേണ്ടത്ര ധാരണയില്ല. അതേക്കുറിച്ച് അവരെ ബോധവതികളാക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് സാധിക്കും. ശില്പശാലയില് വനിതാ ശിശുക്ഷേമമന്ത്രാലയം ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികളുടെ അവതരണവും തുടര്‍ന്ന് ചര്‍ച്ചയും നടന്നു. ചര്‍ച്ചയെത്തുടര്‍ന്നു നടന്ന സംവാദം സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവയായിരുന്നു.
സ്ത്രീ സുരക്ഷയ്ക്ക് വിവിധ പദ്ധതികള്‍
മോദിസര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സ്ത്രീകളുടെ ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള ബേട്ടി ബചാവോ ബേട്ടി പഠാവോ പോലുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിക്കുന്നുണ്ട്. ലിംഗ വിവേചനം നേരിടുന്ന സ്ത്രീകള്‍ക്കും വിധവകള്‍ക്കും വേണ്ടി സുരക്ഷിത താവളമൊരുക്കുന്ന ഷെല്‍ട്ടര്‍ ഹോമുകള്‍, കുട്ടികളുടെ സംരക്ഷണത്തിനുള്ള വിവിധ പദ്ധതികളെക്കുറിച്ച് മന്ത്രി മനേക വിശദീകരിച്ചു.
ബേട്ടി ബചാവോ ബേട്ടി പഠാവോ, മഹിളാ ഇ ഹാറ്റ്, പാനിക് ബട്ടണ്‍ ഓണ്‍ മൊബൈല്‍സ്, മാട്രിമോണിയല്‍ വെബ് സൈറ്റിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, മാനസിക സംഘര്‍ഷം നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്റ്റോപ്പ് സെന്ററുകള്‍, പോലീസില്‍ 33 ശതമാനം വനിതകള്‍ക്കായി സംവരണം, കാണാതാകുന്ന കുട്ടികളെ കണ്ടെത്താനായി റെയില്‍വേയുമായി സഹകരിച്ചുകൊണ്ടുള്ള ഏകീകൃത പദ്ധതി, കുട്ടികളെ ദത്തെടുക്കുന്ന വിഷയത്തില്‍ അവബോധം നല്‍കുക, പോഷകാഹാരത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം തുടങ്ങി കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ശില്പശാലയില് അവതരിപ്പിച്ചു.
നടപ്പാക്കി വിജയം കൈവരിച്ച ബേട്ടി ബചാവോ ബേട്ടി പഠാവോ, ദത്തെടുക്കല്‍ പദ്ധതി തുടങ്ങിയവയുടെ സമഗ്ര അവതരണവും മന്ത്രി നടത്തി.
രാജ്യത്ത് ചിലെടങ്ങളില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളും ശിശുപീഡനങ്ങളും ബാലവേലയും ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ശില്പശാലയിലൂടെ മുന്നോട്ടുവന്നു. ഇതിനായി അതത് പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ് വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായം മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാനാകും. കൂടാതെ കുട്ടികളിലെ പോഷകാഹാര പ്രശ്നം, അങ്കണ്‍ വാടികളിലെ പ്രശ്നങ്ങള്‍, തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം എന്നിവയിലും മാദ്ധമപ്രവര്ത്തകര്ക്ക് സജീവമായി ഇടപട്ട് പരിഹാരം കണ്ടെത്താനാകുമെന്ന് ചര്‍ച്ചകളിലൂടെ എല്ലാവര്ക്കും ബോധ്യപ്പെട്ടു.
വിഭിന്ന ഭാഷയും സംസ്കാരവുമുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ ദേശീയതലത്തിലെത്തിക്കുകയായിരുന്നു ശില്പശാലയുടെ മറ്റൊരു ലക്ഷ്യം. ഭക്ഷണയോഗ്യമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ അങ്കണ്‍ വാടികളുടെ നിലവാരവും പ്രവര്‍ത്തന മികവും പോരായ്മയും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്നത് ചര്‍ച്ചാവിഷയമായി. ഈ ലക്ഷ്യത്തില്‍, എല്ലാ സംസ്ഥാനത്തും പോലീസില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെട്ടു.
ഇതുള്‍പ്പെടെ ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ദേശീയ വനിതാനയ രൂപീകരണത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും ശില്‍പ്പശാല തേടി. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളും പുതിയ പദ്ധതികളും അവയിലെ വനിതാക്ഷേമ പക്ഷവും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ചു. സാധാരണക്കാരും കര്‍ഷകരും നേരിടുന്ന പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളെയും കുറിച്ചുള്ള സംവാദവും വിജ്ഞാനപ്രദമായിരുന്നു.
കുട്ടികളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച ചൈല്‍ഡ് ലൈന്‍ മോണിറ്ററിങ് സിസ്റ്റമായ ചൈല്‍ഡ് ഹെല്പ്പ്ലൈന് 1098, ജില്ലാതലത്തില്‍ നടപ്പാക്കി വിജയിച്ച ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
കര്‍ത്തവ്യബോധമുള്ള ഏതൊരു സര്‍ക്കാരും പ്രഥമപരിഗണന നല്കുന്ന വിഷയങ്ങളിലൊന്നാണ് സ്ത്രീ ശാക്തികരണവും സുരക്ഷിതത്വവും.
കേന്ദ്രം കുറേയേറെ പദ്ധതികള്‍ മുന്നോട്ടുവച്ചതുകൊണ്ടുമാത്രം സ്ത്രീ സുരക്ഷിതയാവണമെന്നുമില്ല. ആ പദ്ധതികള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവം കേന്ദ്രം കാണിക്കുമ്പോള്‍ അതത് സംസ്ഥാനങ്ങളും ഭരണാധികാരികളും അതിനോട് സഹകരിക്കുകയും വേണം. സമൂഹത്തില്‍ സുരക്ഷിതയായി ജീവിക്കുകയെന്നത് സ്ത്രീയുടെ അവകാശമാണ്. എന്നാല്‍ അവള്‍ക്കുള്ള അവകാശങ്ങള്‍ എന്തൊക്കെയെന്ന് അറിയാത്ത നിരവധിപേര്‍ സമൂഹത്തിന്റെ വിവിധ തട്ടുകളിലുണ്ട്. ആ അവകാശത്തെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നത് സമൂഹത്തോട് പ്രതിജ്ഞാബദ്ധതയുള്ള എല്ലാവരുടേയും കടമയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: