കുറവിലങ്ങാട്: കോടികള്‍ ചെലവഴിച്ച് വികസനം നടത്തിയ റോഡുകളുടെ വശങ്ങളില്‍ വ്യാപകമായ കൃഷിയിറക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി വളവുനിവര്‍ത്താന്‍ ഏറ്റെടുത്ത സ്ഥലങ്ങളിലാണ് കപ്പയുംവാഴയും ചേനയും നട്ടുവളര്‍ത്തുന്നത്. കൊടുവളവുകളിലെ കൃഷിയിടം കയര്‍കെട്ടി തിരിച്ചിരിക്കുന്നതിനാല്‍ ഈ ഭാഗത്ത് അപകടഭീഷണിയും ശക്തമാണ്. വികസനത്തിനായി ഏറ്റെടുക്കുകയും വിട്ടുനല്‍കുകയും ചെയ്ത സ്ഥലങ്ങളില്‍ കൃഷിയിറക്കുന്നതുമൂലം ഈ പ്രദേശങ്ങള്‍ യാത്രക്കാര്‍ക്ക് അന്യമാണ്.
കോഴാ-പാലാ റോഡിലാണ് ഇത്തരത്തിലുള്ള കൃഷി കൂടുതല്‍. റോഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇതുവഴി നിത്യ യാത്രക്കാരാണെങ്കിലും കയ്യേറ്റത്തിനെതിരെ നടപടിയില്ലെന്നത് വിചിത്രമാണ്. കുര്യനാട്-ഉഴവൂര്‍ റോഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. ചിലയിടങ്ങളില്‍ കുലവാഴകള്‍വരെ കാണാനാകുന്നുവെന്നത് ഉദ്യോഗസ്ഥരും അലംഭാവം എത്രനാളുകളായി തുടരുന്നുവെന്നതിന്റെ തെളിവാണ്. ഈ റോഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ നടത്തിയ കൃഷി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചിരുന്നു. റോഡരുകില്‍ സാധാരണയായി അയല്‍ വീടുകളിലുള്ളവര്‍ പൂച്ചെടികള്‍ നട്ട് മനോഹരമാക്കുന്ന രീതി ചിലയിടങ്ങളില്‍ നടത്തുന്നുണ്ട്. ഇത് പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും കപ്പയും വാഴയുമടക്കം കൃഷിചെയ്യുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ജനകീയ ആവശ്യം ഉയരുന്നുണ്ട്.
















