കോട്ടയം: കേരളത്തില്‍ റേഷന്‍ ഉപഭോക്താക്കള്‍ക്കുള്ള പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതുവരെ എങ്ങുമെത്തിയില്ല. എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് വ്യക്തതയില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഗൃഹനാഥന്മാരെ കാര്‍ഡ് ഉടമകളാക്കാന്‍ ഫോട്ടോ, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തല്‍, ആധാര്‍, എന്‍പിആര്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തല്‍, കാര്‍ഡുകളുടെ തരംതിരിക്കല്‍ തുടങ്ങിയവ ആരംഭിച്ചിട്ട് രണ്ടുവര്‍ഷമായി. കരട് പട്ടിക തിരുത്തല്‍ നടപടികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്നു. പുതിയ സര്‍ക്കാര്‍ ചുമതല ഏറ്റിട്ടും കരട് പട്ടിക പുതുക്കല്‍ നടപടികള്‍ പുനരാരംഭിച്ചിട്ടില്ല.
പഞ്ചായത്തുതലത്തിലാണ് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് തിരുത്തല്‍ നടപടികള്‍ നടക്കേണ്ടത്. കരട് ലിസ്റ്റില്‍ മേലുള്ള ആഷേപം പരിശോധിച്ച് തെറ്റുകള്‍ തിരുത്തേണ്ടത് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, വിഇഒ തുടങ്ങിയവരടങ്ങുന്ന സമിതിയാണ്. സമിതിയുടെ തീരുമാനത്തിന് ശേഷവും പരിതിയുണ്ടെങ്കില്‍ ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്വാഭാവികമായും ഈ നടപടികള്‍ അനന്തമായി നീളുമെന്ന് ഉറപ്പായി.
















