കാസര്‍കോട്: ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി, മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റീസ് തുടങ്ങിയ ഭിന്നശേഷികളുള്ള വ്യക്തികളുടെ വസ്തുക്കളുടെ ആധാര രജിസ്ട്രേഷന് നടപടി ക്രമത്തില്‍ 1999 ലെ നാഷണല്‍ ട്രസ്റ്റിലെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇങ്ങനെയുള്ള വ്യക്തികളെയും അവരുടെ സ്വത്തുക്കളും സംരക്ഷിക്കുന്നതിന് ജില്ലാ കളക്ടര്അധ്യക്ഷനായ് ലോക്കല്‍ ലെവല്‍ കമ്മിററി രൂപീകരിച്ചിട്ടുണ്ട്. സ്ഥാവര ജംഗമ വസ്തുക്കള്‍ പരിപാലിക്കുന്നതിന് ലീഗല്‍ ഗാര്‍ഡിയനെ നിയമിക്കണം. അവരുടെ സ്വത്തുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ രേഖാമൂലമുള്ള സമ്മതം നേടണം. രജിസ്റ്റര്‍ ചെയ്യുന്ന ഭൂമിയില്‍ നാഷണല്‍ ട്രസ്റ്റ് ആക്ടില്‍ പരാമര്‍ശിക്കുന്ന വൈകല്യമുള്ള വ്യക്തികള്‍ക്ക് അവകാശപ്പെട്ട ഭൂമി ഉള്‍പ്പെടുന്നില്ലെന്നും പ്രസ്തുത രജിസ്ട്രേഷന് മൂലം വൈകല്യമുള്ളവരുടെ താത്പര്യങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്നും സത്യപ്രസ്താവന ആധാരങ്ങളില്‍ രേഖപ്പെടുത്തണം. ഇക്കാര്യ രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന് ഉറപ്പുവരുത്തണം.
ബുദ്ധിമാന്ദ്യം, ഓട്ടിസം പോലെയുള്ളവ ബാധിച്ചവര്‍ക്ക് അവകാശപ്പെട്ട ഓഹരികളുള്ള വസ്തുക്കളുടെ ആധാരം രജിസ്റ്ററിന് ഹാജരാക്കുമ്പോള്‍ ബന്ധപ്പട്ട ഉദ്യോഗസ്ഥന് നിര്‍ബന്ധമായും ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ രേഖാമൂലമുള്ള അനുമതിയും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത് സഹിതമല്ലാതെ ഹാജരാക്കുന്ന ആധാരങ്ങള്‍ രജിസ്ട്രേഷന് നടപടികള്‍ സ്വീകരിക്കരുത്. ആധാരം എഴുതികൊടുത്ത് ഹാജരാക്കുന്നവര്‍ക്ക് അതിനുള്ള അവകാശമില്ലെന്ന് ബോധ്യമായാല്‍ കേരള രജിസ്ട്രേഷന് ചട്ടപ്രകാരം നിരസിക്കാം. നിബന്ധനകള്‍ക്ക് വിരുദ്ധമായി ആധാരം തയ്യാറാക്കുന്ന ലൈന്സികളുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ വ്യക്തിമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: