മാഴ്സലെ: യൂറോ കപ്പില്‍ ആദ്യ കിരീടം തേടിയിറങ്ങുന്ന ഇംഗ്ലണ്ടിന് അപ്രതീക്ഷിത സമനില. ഗ്രൂപ്പ് ബിയില്‍ എഴുപത്തിമൂന്നാം മിനിറ്റില്‍ എറിക് ഡയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ ഇഞ്ചുറി ടൈമില്‍ നായകന് വാസ്ലി ബെരെസുറ്റ്സ്ക്കിയുടെ ഗോളില്‍ സമനില പിടിച്ചെടുത്തു റഷ്യ. കളിയലുടനീളം റഷ്യയ്ക്കു മേല്‍ ആധിപത്യമുണ്ടായിരുന്നുവെങ്കിലും അവസാന മിനിറ്റ് ഗോള്‍ വെയ്ന്‍ റൂണിയുടെ സംഘത്തിനു തിരിച്ചടിയായി.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. രണ്ടാം പകുതിയിലും റഷ്യന്‍ ഗോള്‍ മുഖത്ത് നങ്കൂരമിട്ടു ഇംഗ്ലീഷ് താരങ്ങള്‍. 71-ാം മിനിട്ടില്‍ എറിക് ഡയര്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഫ്രീകിക്കിലൂടെ ഗോള്‍. ഡെലെ അലിയെ ജോര്‍ജി സ്കെന്നിക്കോവ് വീഴ്ത്തിയതിന് ഫ്രീ കിക്ക്. കിക്കെടുത്ത ഡയര്‍ പ്രതിരോധ മതിലിനു മുകളിലൂടെ പോസ്റ്റിന് ഇടതു മുകള്‍ മൂലയില്‍ പന്തെത്തിച്ചു.
ജയമുറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് അവസാന നിമിഷം റഷ്യയുടെ സമനില ഗോള്‍ വന്നത്. പരിക്കു സമയത്ത് ജോര്‍ജി സ്കെന്നിക്കോവ് നീട്ടി നല്കിയ പന്ത് മികച്ചൊരു ഹെഡ്ഡറിലൂടെ ഇംഗ്ലീഷ് വലയിലെത്തിച്ചു നായകന് വാസ്ലി ബെരെസുറ്റ്സ്ക്കി. ഇംഗ്ലീഷ് ഗോളിന് കാരണമായ ഫ്രീ കിക്കിന്റെ പാപം തീര്‍ത്തു ക്രോസിലൂടെ സ്കെന്നിക്കോവ്.
സൂപ്പര്‍ താരം വെയ്ന്‍ റൂണിയെ മധ്യനിരയില്‍ ഇറക്കിയ ഇംഗ്ലണ്ട്് കോച്ച് റോയ് ഹോഡ്സന് ആദ്യ ഗോളിനു ശേഷം അദ്ദേഹത്തെ പിന്‍വലിച്ചു നടത്തിയ പരീക്ഷണം പാളി. തോല്‍വിക്കു തുല്യമായ സമനിലയെന്നാണ് വെയ്ന്‍ റൂണി മത്സരത്തെക്കുറിച്ച് പറഞ്ഞത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: