മാഴ്‌സലെ: യൂറോ കപ്പില്‍ ഇംഗ്ലണ്ട്-റഷ്യ മത്സരത്തിനു മുന്‍പും ശേഷവും ആരാധകരുടെ അഴിഞ്ഞാട്ടം. റഷ്യ, ഇംഗ്ലണ്ട്, ഫ്രഞ്ച് ആരാധകരാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇവരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു. മത്സരശേഷം റഷ്യന്‍ ആരാധകര്‍ വീണ്ടും തെരുവിലിറങ്ങി. സംഭവത്തെ അപലപിച്ച യുവേഫ റഷ്യയ്‌ക്കും ഇംഗ്ലണ്ടിനുമെ തിരെ അച്ചടക്ക നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചു.
ഇംഗ്ലണ്ട്-റഷ്യ മത്സരം തുടങ്ങുന്നതിനു മുന്‍പാണ് അക്രമം തുടങ്ങിയത്. റഷ്യയില്‍നിന്നുള്ള കാണികളെ ഇംഗ്ലീഷ് ആരാധകര്‍ മര്‍ദിച്ചു. മത്സരത്തില്‍ അവസാന നിമിഷം നേടിയ ഗോളില്‍ റഷ്യ ജയിച്ചതോടെ, നേരത്തെയുള്ള സംഭവത്തിനു തിരിച്ചടിയെന്നോണം റഷ്യന്‍ ആരാധകരുടെ ആഹ്ലാദ പ്രകടനം അക്രമത്തിലേക്കു തിരിഞ്ഞു.
ഇംഗ്ലീഷ് കാണികളുമായി ഏറ്റുമുട്ടിയ അവര്‍ ഫ്രഞ്ചുകാര്‍ക്കു നേരെയും തിരിഞ്ഞു. സ്റ്റേഡിയത്തിനു പുറത്ത് പോലീസുമായും ഏറ്റുമുട്ടി. സംഭവത്തില്‍ രണ്ടു ഫെഡറേഷനുകളോടും യുവേഫ വിശദീകരണം തേടി. കാണികളുടെ നിലവിട്ട പെരുമാറ്റം, വംശീയ അധിക്ഷേപം, സ്റ്റേഡിയത്തില്‍ പടക്കം പൊട്ടിക്കുക തുടങ്ങിയ സംഭവങ്ങള്‍ക്കാണ് വിശദീകരണം ചോദിച്ചത്. ചൊവ്വാഴ്ചയ്‌ക്കകം മറുപടി നല്‍കാനും നിര്‍ദേശം.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ടൂര്‍ണമെന്റിന് ഫ്രാന്‍സ് ഒരുക്കിയിട്ടുള്ളത്. അതിനിടെ കാണികളുടെ കൈയാങ്കളി സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി. പലയിടത്തും കാണികളെ നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസിനെ സജ്ജീകരിക്കാന്‍ ഏറെ വിഷമിക്കുകയാണ് ഫ്രഞ്ച് അധികൃതര്‍.
















