മാനന്തവാടി: പഞ്ചായത്ത് ജനങ്ങളുടെ സുരക്ഷ അവഗണിച്ച് അപകടാവസ്ഥയിലായ ഷോപ്പിംഗ് കോപ്ലക്സ് നിര്‍മ്മാണം വീണ്ടും തുടങ്ങി. പൊളിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ 40 വര്‍ഷത്തോളം പഴക്കമുള്ള ടൗണിലെ ഷോപ്പിംഗ് കോംപ്ലക്സിലാണ് അഞ്ചുലക്ഷം രൂപ ചെലവില്‍ മേല്‍ക്കൂര നിര്‍മ്മാണം നടക്കുന്നത്. ഇരുനില കെട്ടിടത്തിന്റെ സണ്‍ഷൈഡ് കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. കോണ്‍ക്രീറ്റ് കമ്പികള്‍ ദ്രവിച്ചതിനെ തുടര്‍ന്നാണ് കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുഴുവന്‍ സണ്‍ഷൈഡും പൊളിച്ചുനീക്കിയിരുന്നു. എട്ടുവര്‍ഷം മുന്‍പ് കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ ഫലമായി പൊതുമരാമത്ത് എന്‍ജിനീയര്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കിയതുമില്ല. എന്നാല്‍ കെട്ടിടത്തിലെ തുച്ഛമായ വാടക നല്കി വരുന്ന കച്ചവടക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ അപകടാവസ്ഥയിലും പൊതുജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെ പഞ്ചായത്ത് വാടക സ്വീകരിച്ച് ലൈസന്‍സ് നല്‍കുകയായിരുന്നു. നിലവില്‍ രണ്ടാമത്തെ നിലയുടെ മെയിന്‍ സ്ലാബുകളിലെ കോണ്‍ക്രീറ്റിനുപയോഗിച്ച കമ്പികള്‍ ദ്രവിച്ച് പുറമെ കാണുന്നവിധത്തിലാണുള്ളത്. പല ഭാഗങ്ങളിലും കോണ്ക്രീറ്റുകള് അടര്‍ന്നുവീഴുകയും ചോര്‍ന്നൊലിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കാല ഭരണസമിതി പ്ലാന്‍ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ഷോപ്പിംഗ് കോപ്ലക്സിന്റെ മേല്‍ക്കൂര ഷീറ്റിടാന്‍ അനുവദിച്ചത്. അന്ന് ഇതിനെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് ഭരണത്തിലെത്തിയിട്ടും പദ്ധതി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. പോസ്റ്റ് ഓഫിസ് ഉള്‍പ്പടെ പൊതുജനങ്ങള്‍ നിരന്തരം ആശ്രയിക്കുന്ന കെട്ടിടമായിട്ടും അപകട ഭീഷണി ഒഴിവാക്കി പുതുക്കി പണിയാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ടൗണിന്റെ ഹൃദയഭാഗത്തുളള പതിനാറോളം മുറികളുളള കെട്ടിടത്തില്‍ നിന്നും പഞ്ചായത്തിന് തുച്ഛമായ വാടക മാത്രമാണ് ലഭിക്കുന്നത്. നേരത്തെ മുറികള്‍ കൈവശപ്പെടുത്തിയ പലരും മുറുകള്‍ മുറിച്ചു നല്കി ലാഭം കൊയ്യുമ്പോഴാണ് പഞ്ചായത്തിന്റെ ദുര്‍ഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: