മറ്റുള്ളവര്‍ക്ക് ദിവസവും നിങ്ങള്‍ നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. കൂട്ടുകാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് ഒക്കെ വേണ്ടി. തീരെ പരിചയമില്ലാത്ത ഒരാളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നവരെ വലിയ നഗരങ്ങളില്‍ പോലും അമ്മ കണ്ടിട്ടുണ്ട്. സഹായം ചെയ്തു കഴിയുമ്പോള്‍ സഹായം സ്വീകരിച്ച ആള്‍, നല്‍കിയ ആളിനെ പ്രശംസിക്കും.
പ്രശംസാ വചനങ്ങളും നന്ദി വാക്കുകളും കേള്‍ക്കുമ്പോള്‍ പലരുടെയും ഭാവം അമ്മ കണ്ടിട്ടുണ്ട്. അവര്‍ വിനയാന്വിതരാകും. എന്നിട്ട് പറയും: ‘നന്ദി എന്നോടല്ല പറയേണ്ടത്. ഞാന്‍ വെറും ഉപകരണം മാത്രമാണ്. എല്ലാം അവിടന്ന് നടത്തുന്നു. ജഗദീശ്വരന്റെ ഇച്ഛയാണ് എന്നിലൂടെ പ്രകടമാകുന്നത്. ഈ നല്ല വാക്കുകള്‍ എല്ല!ാം അവിടത്തേക്ക് നല്‍കൂ.’
പ്രത്യുപകാരമായി നന്ദിയുടെ പൂച്ചെണ്ടും പ്രശംസാവചനങ്ങളും പ്രതീക്ഷിക്കരുത്. ഇങ്ങനെ ഒരുഭാവം വളര്‍ത്തിയെടുക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്.
സഹായം സ്വീകരിക്കുമ്പോള്‍ നന്ദിപറയേണ്ട എന്നല്ല. നന്ദിക്കും പ്രശംസയ്‌ക്കും വേണ്ടി ഉപകാരങ്ങള്‍ ചെയ്യാതിരിക്കുക. പള്ളിയിലും ക്ഷേത്രത്തിലും പൊതുകാര്യങ്ങളിലും ദാനം ചെയ്യുന്നവരെ ശ്രദ്ധിക്കണം. കൂടുതല്‍ പണം ദാനം ചെയ്തവരുടെ പേരുകള്‍ നോട്ടീസിലും ചുവരിലും ഒക്കെ എഴുതിവെക്കും. മറ്റുള്ളവര്‍ തന്റെ ദാനത്തെക്കുറിച്ച് അറിയണം എന്ന ആഗ്രഹമാണ് ഉള്ളില്‍. ‘എന്തൊരു ദാനധര്‍മിഷ്ഠനാണ് അദ്ദേഹം’ എന്നൊക്കെ മറ്റുള്ളവര്‍ പറയണം എന്ന് ഉള്ളില്‍ മോഹമുണ്ട്. അത്തരം ദാനങ്ങള്‍ ഒരിക്കലും ഉത്തമങ്ങളല്ല.
















