പ്രളയം നിറഞ്ഞകാലം. ഭഗവാന്‍ മഹാവിഷ്ണു അന്തശായിയായി യോഗനിദ്രയില്‍ മുഴുകിയിരിക്കവെ തന്റെ ശരീരാന്തര്‍ഭാഗത്തെ സൂക്ഷ്മ ഭൂതങ്ങളെ ലയിപ്പിച്ച് കാലസ്വരൂപനായ തന്റെ ശക്തിയേയും തന്നില്‍ ലയിപ്പിച്ചുകൊണ്ടാണ് കാരണ ജലത്തില്‍ ഭഗവാന്‍ ലയിച്ചത്. ആയിരം ചതുര്‍യുഗങ്ങളാണ് നൈമിത്തിക പ്രളയത്തിന്റെ കാലം. അക്കാലം മുഴുവന്‍ യോഗനിദ്രയിലാണ്ടിരിപ്പാണ് മഹാവിഷ്ണു.
കാല ശക്തിയാണ് നിദ്രയില്‍ നിന്നും ഉണര്‍ത്തിയെടുക്കുന്നത്. ഭഗവാനില്‍ ഉണ്ടായിരുന്ന സൂക്ഷ്മ പഞ്ച ഭൂതങ്ങളെ കാലശ്ക്തികൊണ്ട് വികാരം പ്രാപിച്ച രജോഗുണം സൃഷ്ടിക്ക് പ്രേരിപ്പിച്ചു. അങ്ങനെ സൂക്ഷമപ്രപഞ്ചത്തിന്റെ ബീജമുള്‍ക്കൊണ്ട താമരമൊട്ട് ഭഗവല്‍നാഭിയിലൂടെ പുറത്തേക്കുവന്നു. ഭഗവാനില്‍നിന്നും ഉയര്‍ന്ന താമരമൊട്ട് പ്രളയജലത്തിന് മീതെ ഉയര്‍ന്നുനിന്നു. ലോകത്തിന്റെ മുഴുവന്‍ ബീജമുള്‍ക്കൊണ്ട
ആതാമരപ്പൂവില്‍ ഭഗവാന്‍ പൂര്‍ണ്ണമായും ആവേശിച്ചു. അങ്ങനെ ബ്രഹ്മാവ് താമരപ്പൂവില്‍നിന്നും ഉയര്‍ന്നു സ്വയംവന്നതിന്നാല്‍ ‘സ്വയംഭൂ’ എന്നറിയപ്പെട്ടു.താമരപ്പൂവിന്റെ കര്‍ണ്ണികയില്‍ ഇരുന്ന് ലോകമെങ്ങും കാണാഞ്ഞതിന്നാല്‍ നാലുപാടും ബ്രഹ്മാവ് നോക്കി. അതിന്നാല്‍ ബ്രഹ്മാവിന് നാലുമുഖങ്ങളുണ്ടായി.
നോക്കെത്താത്ത പ്രളയജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ താമരയുടെ ഉത്ഭവംതേടി താഴേക്കിറങ്ങി. നൂറുസംവത്സരം ആ യാത്ര തുടര്‍ന്നു. നൂറുസംവത്സരം തപസ്സും ചെയ്തു. അങ്ങനെ തന്റെ ഹൃദയത്തില്‍ ആദിശേഷനേയും ആദിശേഷനില്‍ പള്ളികൊള്ളുന്ന പരമപുരുഷനേയും ബ്രഹ്മാവ് കണ്ടു.
















