കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച ഖാസി കേസില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന കോടതി നിര്‍ദ്ദേശം ഇനിയും നടപ്പായില്ല. ഇക്കഴിഞ്ഞ മെയ് 27നകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു അന്വേഷണ ഏജന്‍സിയായ സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നത്. റിപോര്‍ട്ട് നല്കാന് മൂന്നു മാസത്തെ സമയ പരിധിയാണ് നേരത്തെ ഹൈക്കോടതി സിബിഐക്ക് അനുവദിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ഇതിനുള്ള കാലാവധി നീട്ടി വാങ്ങുകയോ ചെയ്യാത്തത് വരും ദിവസങ്ങളില്‍ നിയമ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് സൂചന. 2016 ഫെബ്രുവരി 15ന് ആണ് ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്ത സംസ്ഥാന ഉപാധ്യക്ഷനുമായ സി എം അബ്ദുള്ള മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കീഴൂര്‍, കടുക്കക്കല്ല് കടലിലാണ് മൃതദേഹം കാണപ്പെട്ടത്. ഖാസിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കാണപ്പെട്ട സ്ഥലം.
മൂന്നു കാര്യങ്ങളെകുറിച്ച് അന്വേഷിക്കാനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ കമനീഷ് ഉത്തരവില്‍ നിര്‍ദേശിച്ചത്. ഖാസിയുടെ വടിയും കണ്ണടയും ചെരിപ്പും കണ്ടെത്തിയ കടുക്കക്കല്ലിലേക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്ന ഖാസിക്ക് എത്തിപ്പെടാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുന്നതിനായി മെഡിക്കല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നായിരുന്നു ഒന്നാമത്തെ നിര്‍ദേശം. മരണപ്പെട്ട ഖാസിയുടെ മാനസിക അവസ്ഥ അപഗ്രഥനം ചെയ്യുന്നതിന് സൈക്കോളജിക്കല്‍ ഒട്ടോക്സി എന്ന ശാസ്ത്രീയ പരിശോധന നടത്തണമെന്നായിരുന്നു രണ്ടാമത്തെ നിര്‍ദേശം. മരിച്ച ഖാസിയുടെ ഭാര്യയും മരുമകളും അവരുടെ കുട്ടിയും സംഭവം നടന്നദിവസം വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നു. സാധാരണ ഖാസിയുടെ ഭാര്യ പുലര്‍ച്ചെ സുബ്ഹി നിസാകാരത്തിന് എഴുന്നേല്ക്കാറുണ്ട്. എന്നാല്‍ സംഭവം നടന്നദിവസം വീട്ടുകാരെല്ലാം ഉണര്‍ന്നത് വൈകിയാണ്. ഇവര്‍ വൈകി ഉണര്‍ന്നത് ഇവരെ ഉറക്കിക്കിടത്തക്ക രീതിയിലുള്ള എന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കണമെന്നാണ് കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
സിബിഐ അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികമായ ഒന്നും ഇല്ലെന്നാണ് വിലയിരുത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അന്ന് മുതല്‍ തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ വിശദമായ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഖാസിയുടെ മകന് മുഹമ്മദ് ഷാഫിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് സംഘടനകളും ആക്ഷന്‍ കമ്മറ്റിയും കേസില്‍ കക്ഷി ചേര്‍ന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് ശാസ്ത്രീയ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദ്ദേശിച്ചത്. ഇതിന്റെ തുടര്‍ച്ചയായി സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെമ്പരിക്കയിലെത്തി അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: