കാഞ്ഞങ്ങാട്: കേരളത്തിലെ കുത്തഴിഞ്ഞ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെടുത്തേണ്ടതുണ്ടെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നടക്കുന്ന എബിവിപി സംസ്ഥാന പഠനശിബിരത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കൊലചെയ്തവര്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കാന്‍ എബിവിപിക്ക് സാധിച്ചിട്ടുണ്ട്. ജെഎന്‍യുവില്‍ കാലങ്ങളായി നടന്നുവരുന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം എബിവിപിയുടെ പ്രതിഷേധം മൂലമാണ് പൊതുജനങ്ങളെയും സര്‍ക്കാരുകളെയും അറിയിക്കാന്‍ സാധിച്ചത്. കാഞ്ഞങ്ങാട് നടക്കുന്ന ശിബിരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികള്‍ പങ്കെടുക്കുമെന്നും പ്രസാദ് പറഞ്ഞു.
ഇന്ന് ഇന്ത്യ ഭരിക്കുന്നത് എബിവിപിയിലൂടെ കടന്നുവന്നവരാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു. ലോകത്തെ അമ്പരിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഭാരതം നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ ദിശ മനസിലാക്കിക്കൊടുക്കാന്‍ ഇത്തരം ശിബിരങ്ങള്കൊണ്ട് സാധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ചടങ്ങില്‍ സംഘവിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ കാര്യകര്‍ത്താക്കള്‍ സംബന്ധിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ സംസാരിച്ചു. എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: