കാഞ്ഞങ്ങാട്: നഗരമദ്ധ്യത്തില്‍ രോഗങ്ങളുടെ പ്രഭവകേന്ദ്രമായി മലിനജല സംഭരണി. ഇവിടെ ചീഞ്ഞളിഞ്ഞ നായ്ക്കളുടെയും മറ്റുജീവികളുടേയും ശവങ്ങള്. അതിന് മുകളില്‍ നഗരത്തില്‍ നിന്നും വലിച്ചറിയപ്പെടുന്ന വിവിധ തരം മാലിന്യങ്ങള്‍. മലിനജലത്തില്‍ പെറ്റുപെരുകുന്ന കൊതുകുകളും വൈറസുകളും. ഇവിടെ നിന്ന് പുറത്തേക്ക് വരുന്ന രോഗാണുവാഹകരായ കൊതുകുകളുടെ കടിയേറ്റ് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍. ശുചീകരണത്തില്‍ മുന്നേറുന്നുവെന്ന് അവകാശപ്പെടുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ കാഞ്ഞങ്ങാട് പട്ടണത്തിലെ അവസ്ഥയാണിത്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില് പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് സര്‍വ്വരോഗങ്ങള്‍ക്കും ഹേതുവായ മലിനജല സംഭരണിയുളളത്.
ബഹുനില കെട്ടിടത്തിന്റെ താഴെ പാര്‍ശ്വഭാഗത്തായി നിര്‍മിച്ചിട്ടുളള ഏഴോളം അറകളുള്ള സംഭരണിയിലാണ് കാലങ്ങളായി മലിനജലം കെട്ടിക്കിടക്കുന്നത്. കെട്ടിടത്തിലേക്കാവശ്യമായ ജലശുചീകരണത്തിനാണ് സംഭരണി നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ മഴവെള്ളം കെട്ടിക്കിടക്കുകയാണിവിടെ. പട്ടിയും പൂച്ചയും വെള്ളത്തില്‍ വീണ് ചാവുന്നത് പതിവാണ്. ചത്ത പട്ടിയും പൂച്ചയും വെള്ളത്തില്‍ ചീഞ്ഞളിഞ്ഞ് കിടക്കുന്നതുമൂലം കൊതുകിന്റേയും ഈച്ചയുടേയും ശല്യം അസഹനീയമാണെന്ന് സപീപത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ള തൊഴിലാളികള്‍ പറയുന്നു. ഇതിന് സമീപത്തായി കുടിവെള്ളം ശേഖരിക്കുന്ന ഒരു കിണറുമുണ്ട്. ചീഞ്ഞളിഞ്ഞ മാംസങ്ങളില്‍ നിന്നും വരുന്ന ഈച്ചകളുടെ ശല്യം മൂലം ഭക്ഷണം കഴിക്കാന്‍ പോലും തൊഴിലാളികള്‍ക്ക് സാധിക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നതും ഇതേ കേന്ദ്രത്തിലാണ്.
രണ്ട് വര്‍ഷം മുമ്പ് സമീപത്തെ തൊഴിലാളികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെട്ടിടമുടമക്ക് നോട്ടീസ് നല്കി പരിസരം ശുചീകരണം നടത്തിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെയും നിര്‍ദേശങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ടാണ് സ്വകാര്യവ്യക്തിയുടെ സമീപനം. സര്‍ക്കാര്‍ ഫണ്ട് ചിലവഴിച്ച് മഴക്കാലപൂര്‍വ്വ രോഗനിയന്ത്രണപരിപാടികള് ആസൂത്രണം ചെയ്യുന്ന നഗരസഭാ അധികൃതരും ആരോഗ്യവകുപ്പും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതേ സമയം ആരോഗ്യവകുപ്പിന്റെ ശുചിത്വ സന്ദേശം അവഗണിക്കുന്നവര്‍ക്കെതിരെ നഗരസഭ അധികൃതര്‍ക്ക് നിയമനടപടികള്‍ വരെ സ്വീകരിക്കാമെന്നിരിക്കെ അത്തരത്തില്‍ ചെയ്യാത്തതാണ് അലംഭാവത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. ശുചീകരണം പുറംമോടിയില്‍ മാത്രമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: