പാരീസ്: ഗ്രൂപ്പ് ഡി യിലെ ആദ്യമത്സരത്തിനായി തുര്‍ക്കിയും ക്രൊയേഷ്യയും ഇന്നിറങ്ങും. പാരീസിലെ പാര്‍ക് ഡി പ്രിന്‍സസ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 നാണ് പോരാട്ടം. ആന്റെ കാസിക് പരിശീലകനായിട്ടുള്ള ക്രൊയേഷ്യന്‍ ടീമിനു തന്നെയാണ് വിദഗ്ധര്‍ സാദ്ധ്യത കല്‍പ്പിക്കുന്നത്.
ജുവന്റസിന്റെ മുന്നേറ്റതാരം മരിയോ മാന്‍സുകിച്ച്, ഇവാന് പെരിസിക്, ഇവാന് റാക്കിറ്റിക്, ലൂക്കാ മോഡ്രിച്ച് എന്നിവരടങ്ങുന്ന ടീമില്‍ ഗോള്‍വലയം കാക്കുന്നത് ഇവാന് വാര്ജിക്കാണ്. 130 തവണ ദേശീയ ജേഴ്സിയണിഞ്ഞ ഡാരിജോ സ്രാന്‍ നായകന്. അവസാന ഏഴ് മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ക്രൊയേഷ്യയുടെ വരവ്. ജൂണ്‍ നാലിന് സാന്മരിനോക്കെതിരെ നടന്ന സൗഹൃദ പോരാട്ടത്തില്‍ 10-0ന്റെ തകര്‍പ്പന്‍ വിജയം അവര്‍ സ്വന്തമാക്കി.
2012-ലെ യൂറോകപ്പ് പോരാട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ക്രൊയേഷ്യയ്ക്കായിരുന്നു വിജയം. ഫെയ്ത്ത് ടെറിമ് പരിശീലിപ്പിക്കുന്ന തുര്‍ക്കി ടീമിലെ സൂപ്പര്‍ താരം ബാഴ്സലോണയുടെ ആര്ഡ ടുറാന്. എംറേ മൂര്‍, ബുറാക് ഇല്മാക്സ്, സെന്‍ക് ടോസണ്‍ എന്നിവരിലാണ് അവരുടെ പ്രതീക്ഷ. 2008 ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയിട്ടുള്ള ആത്മവിശ്വാസവുമായിട്ടാകും തുര്‍ക്കി ഇന്ന് കളത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: