ഹരാരെ: ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ് വേ 49.5 ഓവറില്‍ 168 റണ്‍സിന് എല്ലാവരും പുറത്തായി .ജസ്പ്രീത് ബൂമ്രയുടെ നാലു വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ നട്ടെല്ലൊടിച്ചത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ധവാല്‍ കുല്‍ക്കര്‍ണിയും ബരീന്ദര്‍ ശ്രാനും മികച്ച പിന്തുണ നല്‍കിയതോടെ സിംബാബ് വേ പത്തിമടക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ നീലപ്പടയുടെ ആദ്യ വിക്കറ്റ് 11 റണ്‍സില്‍ വീണു . 7 റണ്‍സെടുത്ത കരുണ്‍ നായരെ ചതാരയുടെ പന്തില്‍ സിക്കന്ദര്‍ റാസ പിടിച്ച് പുറത്താക്കി . ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സിംബാബ് വേയുടെ കയ്യില്‍ നിന്നും സാവധാനം കളി തട്ടിയെടുക്കുകയായിരുന്നു.
അരങ്ങേറ്റത്തില്‍ തന്നെ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച് സെഞ്ച്വറി നേടിയ ലേകേഷ് രാഹുല്‍ 7 ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. 115 പന്തിലായിരുന്നു ലോകേഷിന്റെ മനോഹരമായ ശതകം . 62 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അമ്പാട്ടി റായിഡു അഞ്ച് പന്തുകള്‍ ബൗണ്ടറി കടത്തി.
41 റണ്‍സെടുത്ത എല്‍ടണ്‍ ചിഗുമ്പുര മാത്രമാണ് സിംബാബ് വേ നിരയില്‍ പിടിച്ചു നിന്നത്. എര്‍വിന്‍ 21 ഉം സിക്കന്ദര്‍ റാസ 23 ഉം റണ്‍സെടുത്തു.
















