നമ്മുടെ നാട്ടില്‍ ഉന്നത പഠനത്തിനായി ഇപ്പോള്‍ മത്സര പരീക്ഷകള്‍ ഉണ്ട്. എംബിബിഎസ്സിനും എഞ്ചിനീയറിങ്ങിനും പ്രവേശനം ലഭിക്കുവാന്‍ ഒരു പ്രവേശന പരീക്ഷ പാസ്സാകണം. പ്രവേശന പരീക്ഷയുടെ കടമ്പ കടന്നാല്‍ അഡ്മിഷന് ഉറപ്പായി. പിന്നെ കോളേജില്‍ ചേര്‍ന്ന് ബുദ്ധിമുട്ടി പഠിച്ച് പാസ്സാകുന്ന മക്കള്‍ എഞ്ചിനിയറും ഡോക്ടറും ആവുന്നു. പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ടാണന്ന് കരുതി ആരും അതിനുള്ള ശ്രമം ഉപേക്ഷിക്കേണ്ടതില്ലല്ലോ?
അതുപോലെത്തന്നെയാണ് സന്യാസത്തിലേക്കുള്ള വഴിയും. എല്ലാവര്ക്കും സന്യാസിയാകുവാന്‍ കഴിയില്ല. ലക്ഷക്കണക്കിന് ആളുകള്‍ ശ്രമിച്ചാല്‍ വളരെക്കുറച്ചുപേര്‍ സന്യാസിയായിത്തീരും.
പ്രതീക്ഷവെച്ചുകൊണ്ട് ഒന്നും ചെയ്യാന്‍ പാടില്ല പ്രതീക്ഷയാണ് ദുഃഖത്തിനു കാരണം. ഒരാള്‍ പിരിവിനുവേണ്ടി ഒരു വീട്ടില്‍ ചെന്നു. ആയിരം രൂപയാണ് പ്രതീക്ഷിച്ചത്. പക്ഷേ, വീട്ടുകാര്‍ അഞ്ചു രൂപയാണ് നല്‍കിയത്. അതയാള്‍ സ്വീകരിച്ചില്ല.
വീട്ടുകാരോട് കടുത്ത ദേഷ്യവും തോന്നി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉള്ളിലെ ദേഷ്യം മാറിയില്ല. പ്രതീക്ഷവെച്ചു കൊണ്ടു പോയിട്ടല്ലേ ദേഷ്യം വന്നത്? പ്രതീക്ഷിച്ചത്ര ലഭിക്കാത്തതുകാരണം നല്‍കിയത് വാങ്ങുവാനും കഴിഞ്ഞില്ല. തള്ളിക്കളഞ്ഞു ദുഃഖമായി, നൈരാശ്യമായി, അശാന്തിയായി. പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ദുഃഖവും അതിനുള്ള ദേഷ്യവും വിദ്വേഷവും ശാന്തിയും ഒഴിവാക്കാമായിരുന്നു. ലഭിച്ചതുകൊണ്ടു തൃപ്തിയടയുമായിരുന്നു. ഒരു യാചകനെ പോലെയാണ് നമ്മുടെ യാത്രയെങ്കില്‍ ഈ ദുഃഖം ഒഴിവാക്കാം.
ഭിക്ഷ കിട്ടിയില്ല എന്നു കരുതി യാചകന് ദുഃഖിക്കുന്നില്ല. കാരണം താനൊരു യാചകനാണെന്ന് അവനറിയാം. ഒന്നും കിട്ടിയില്ലങ്കിലും അവന് ദുഃഖമില്ല. അടുത്തസ്ഥലത്തു നിന്ന് എന്തെങ്കിലും കിട്ടുമെന്ന് അവനറിയാം. കൈനിറയെ ഭിക്ഷകിട്ടുന്നതും വെറും കൈയോടെ മടങ്ങുന്നതും തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളാണന്ന് അവനറിയാം. അതിനാല്‍ അയാള്‍ക്ക് ആരോടും ദേഷ്യമില്ല. ശരിയായ യാചകനെങ്കില്‍ അതുപോലെ എല്ലാം അവിടുത്തെ ഇച്ഛയെന്നു കാണുക. ബന്ധം അവിടുത്തോടാകട്ടെ, അതുമാത്രമേ അമ്മ പറയുന്നുള്ളൂ. ദൈവത്തിനോട് അടുത്തവര്‍ക്ക് ജീവിതത്തില്‍ ദുഃഖമില്ല.
















