കല്‍പ്പറ്റ : മഴക്കാലത്തിന്റെ ആരംഭത്തോടെ പകര്‍ച്ചവ്യാധികള്‍ പിടിപെടുവാന്‍ സാദ്ധ്യത കൂടുതലുളളതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, കൊതുക്ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജന്തുജന്യരോഗമായ എലിപ്പനി, തുടങ്ങിയവക്കെതിരെ പ്രത്യേക മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അഭ്യര്‍ത്ഥിച്ചു. എല്ലാ പഞ്ചായത്തുകളിലും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും , കൊതുക് , കൂത്താടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടേയും, ഇതര വകുപ്പുകളുടേയും സഹകരണത്തോടെ ഇക്കാര്യങ്ങള്‍ ഏകോപിക്കുവാന്‍ ബന്ധപ്പെട്ട എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയുടെ പാശ്ചാത്തലത്തില്‍ കൊതുക്ജന്യ രോഗങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണ്. ആയതിനാല്‍ വീടുകളുടെയും സ്ഥാപനങ്ങളുടേയും പരിസരങ്ങളിലുളള വെളളം കെട്ടിനില്‍ക്കുന്നതും,കെട്ടികിടക്കാന്സാദ്ധ്യതയുളളതുമായ എല്ലാ പാഴ്വസ്തുക്കളും (ഉദാ: ഒഴിഞ്ഞകുപ്പി, പാത്രം ചിരട്ട, മുട്ടത്തോട്, പാള, ഉപയോഗിക്കാത്ത ചെടിച്ചട്ടികള്‍ തുടങ്ങിയവ) അടിയന്തിരമായി നീക്കം ചെയ്യണം. കൃഷിയിടങ്ങളുടെ പരിസരങ്ങളിലും വെളളം കെട്ടികിടക്കാനിടയാവുന്ന വസ്തുക്കള്‍ നീക്കം ചെയ്യണം. വീടുകളുടെ റൂഫിലും, സണ്‍ഷെയ്ഡിലും വെളളം കെട്ടിനില്‍ക്കാത്ത വിധത്തില്‍ വൃത്തിയാക്കണം.ജലജന്യരോഗങ്ങളെ നേരിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കിണറുകള്‍ മഴയ്ക്ക് മുന്‍പേ വൃത്തിയാക്കുകയും , ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന് നടത്തുകയും വേണം. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെളളം മാത്രമേ ഉപയോഗിക്കാവൂ. വെളളം ശേഖരിക്കുന്ന ടാങ്കുകള്‍ അടച്ചു സൂക്ഷിക്കണം. ആഹാരം പാകം ചെയ്യുവാനും മറ്റും ശുചിത്വമുളള വെളളം തന്നെ ഉപയോഗിക്കണം. വഴിവക്കിലുളള, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കരുത്. എന്തെങ്കിലും രോഗങ്ങളുണ്ടായാല്‍ സ്വയം ചികിത്സ ചെയ്യാതെ അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ തേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: