പന്തളം: കനത്ത മഴയും കാറ്റും വെളളപ്പൊക്കവും കരാരണം പന്തളം നഗരസഭയിലേയും പന്തളം തെക്കേക്കര പഞ്ചായത്തിലേയും വീടുകളും കൃഷിയിടങ്ങളും വെളളപ്പൊക്ക ഭീഷണിയിലായി. ചില വീടുകള്‍ വെളളത്താല്‍ ചുറ്റപ്പെട്ടു. പലയിടങ്ങളിലും കരകൃഷികളടക്കം നശിച്ചു തുടങ്ങി. അച്ചന്‍കോവിലാറ്റിലെ ജല നിരപ്പുയര്‍ന്നതോടെ തോടുകളിലേക്ക് വെളളം കയറി പുഞ്ചകളും കരക്കണ്ടങ്ങളും വെളളത്തിനടിയിലായി. കുന്നിക്കുഴി വെങ്കുളത്ത് ശംഭു നിവാസില്‍ വിജയകുമാരി, തച്ചുവേലില്‍ ശോഭ, തേജാഭവനില് സന്തോഷ്, തീര്ഥത്തില് രമേശ് എന്നിവരുടെ വീടുകള്‍ വെളളം കയറി ചുറ്റപ്പെട്ടു. പടിഞ്ഞാറെ തോണ്ടത്തറയില്‍ പരമേശ്വരന്‍പിളളയുടെ കരകൃഷിയും വെളളം കയറി നശിച്ചു. കുരമ്പാലയുടെ ഭാഗങ്ങളും ഭീഷണിയിലാണ്. തോട്ടുകരപ്പാലത്തിന് സമീപം തോട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് വരുന്നതാണ് ഇവിടെ ഭീഷണി. വെളളം ക്രമാതീതമായി ഉയര്‍ന്നാല്‍ കുരമ്പാലയിലും കൃഷികള്‍ക്ക് വന്‍ നാശം നേരിടും. പന്തളം മങ്ങാരം എം.എസ്സ് എം നഗറില്‍ വാഴവിളയില്‍ വീട്ടില്‍ ചക്കിയുടെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ശക്തമായ മഴയില്‍ പന്തളം വെണ്കുളത്തി വയലില്‍ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് ഒന്‍പതോളം വീടുകളിലണ് വെള്ളം കയറിയത്. കോമരം കോട്ടേത്ത് രഘു, കോമരം കോട്ടേത്ത് സുമ, തുരുത്തിക്കര വീട്ടില്‍ സുമ, തുരുത്തിക്കര വീട്ടില്‍ ശ്യാമള, രേഷ്മഭവനില്‍ രാധാമണി, മുളമ്പുഴ ഇരട്ടകാലായില്‍ നിതിന്‍ഭവനില്‍ നീതു എന്നിവരുടെ വീടുകളിലാണ് വെള്ളിയാഴ്ചത്തെ ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളം കയറിയത്. കടയ്ക്കാട് ഉളമയില്‍ സ്റ്റേഡിയത്തിന്റെ സമീപമുളള വീടുകളും വെളളത്തിലായി. ഉളമ പുത്തന്‍ വീട്ടില്‍ സൈനുലബ്ബീന്റെ വീടിനകത്ത് വെളളം കയറിയതിനെ തുടര്‍ന്ന് അഞ്ചുകുട്ടികളടക്കമുളള കുടുംബത്തെ കടയ്ക്കാട് മുഹമ്മദന്‍സ് എല്‍പി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മറ്റ് മേഖലകളില്‍ വെളളപ്പൊക്ക ഭീഷണിയുളള വിവിധ പ്രദേശങ്ങളില്‍ വില്ലേജ് , നഗരസഭാ അധികൃതരും കൗണ്‍സിലര്‍മാരും സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
പന്തളം തെക്കേക്കരയിലെ മങ്കുഴി ഏലായിലെ കൃഷിയും വെള്ളത്തിനടിയിലായി. ഏക്കറുകണക്കിന് മരച്ചീനി കൃഷിചെയ്തിരുന്നത് വെള്ളം കയറിയതിനാല്‍ അഴുകാന്‍ തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. മങ്കുഴി വെള്ളയില്‍ കുഞ്ഞിക്കുട്ടി, കൊച്ചേത്ത് മോഹനന്, കൊച്ചേത്ത് മേലേതില്‍ സജിതോമസ്,ചാങ്ങവീട്ടില്‍ പടിഞ്ഞാറ്റേതില്‍ ജയിംസ്, തുഷാരവീട്ടില് സോമന്, കമലാലയത്തില്‍ ഉണ്ണിത്താന് എന്നിവരുടെ കൃഷികളിലാണ് വെളളം കയറിയത്. മരച്ചീനി, വാഴ, ഇഞ്ചി, ചേമ്പ്, പയര്‍,പടവലം തുടങ്ങിയവ നശിച്ചതില്‍പ്പെടും.മങ്കുഴി ഏലായില്‍ ശക്തമായ കാറ്റിനെത്തുടര്‍ന്ന് അന്‍പതോളം വാഴകളും ഒടിഞ്ഞു വീണു. മങ്കുഴി പാല നില്ക്കുന്നതില് വീട്ടില്‍ രാജന്റെ വീട്ടിലും വെള്ളം കയറി. മങ്കുഴി ഏലായില്‍ വെള്ളം ഒഴുകേണ്ട നീര്‍ച്ചാലുകള്‍ അനധികൃതമായി നികത്തിയതാണ് നീര്ച്ചാല് നിറഞ്ഞ് വെള്ളം കയറാന്‍ കാരണമായത്. ശക്തമായ മഴയില്‍ ഗ്രാമീണ റോഡുകളില്‍ വെള്ളം കയറിയത് പലയിടത്തും കാല് നടയാത്രപോലും ദു:സഹമാക്കി. പന്തളം മുട്ടാര്‍ എം.വി.റ്റി സ്കൂളിനു സമീപവും വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: