രസം എന്നു കേട്ടാലുടന്‍ ഓര്‍മയില്‍ വരിക നമുക്ക് രുചി പകരുന്ന കറിക്കൂട്ടിന്റെ സ്വാദാണ്. പക്ഷെ മലയാളിക്കറിയാവുന്ന ഒരു രസം കൂടിയുണ്ട്. വെള്ളിയുടെ തിളക്കവും ഒഴുകാനുള്ള കഴിവുമുള്ള ഘനലോഹം. ഒന്നാം തരം വിഷം. ഇംഗ്ലീഷിലെ പേര് മെര്‍ക്കുറി. പനി വരുമ്പോള്‍ ചൂടളക്കാന്‍ നാക്കിനടിയില്‍ വച്ചുനോക്കുന്ന തെര്മോമീറ്ററിന്റെ ആത്മാവാണിവന്‍. പനിച്ചൂടനുസരിച്ച് തെര്‍മോ മീറ്ററിലെ രസയൂപം ഉയരുന്നത് നമുക്കൊക്കെ പരിചിതം.
രസം അഥവാ മെര്‍ക്കുറി വിഷം ബാധിക്കുക നാഡീവ്യൂഹത്തെ. അപ്പോഴുണ്ടാകുന്ന രോഗമാണ് മിനമാതാ രോഗം. ആദ്യം കണ്ടെത്തിയത് ജപ്പാനിലെ ക്യുഷുവില്‍ കടല്‍ത്തീരനഗരമായ മിനമാതായില്‍. അവിടെ 1907 ല്‍ തുടങ്ങിയ ചിസ്സോ കോര്പറേഷന് ഫാക്ടറിയില്‍ നിന്ന് പുറത്തുവന്ന മെര്‍ക്കുറി യൗഹികങ്ങളാണ് മനുഷ്യന്റെ ആരോഗ്യത്തെ അന്ന് ഇഞ്ചിഞ്ചായി കൊന്നൊടുക്കിയത്. ഫാക്ടറിയില്‍ നിന്ന് പുറത്തുവന്ന കാര്‍ബണിക മെര്‍ക്കുറി സംയുക്തങ്ങള്‍ കടലിലാകെ പരന്ന്, മത്സ്യങ്ങളില്‍ നിറഞ്ഞ് മനുഷ്യരേയും കടല്‍ പക്ഷികളേയും മാരകമായ നാഡീരോഗത്തിന് അടിമകളാക്കി.
നിരവധിപേര്‍ മരിച്ചു. രോഗികളായവര്‍ 3000-ല്‍ പരം. അമ്മയുടെ ശരീരത്തില്‍ നിന്ന് മെര്‍ക്കുറി വിഷബാധയേറ്റ നിരവധി കുഞ്ഞുങ്ങളും രോഗബാധിതരായി. മിനമാതാരോഗം ഫലപ്രദമായ ചികിത്സ കാണാത്ത മാരകരോഗമായി തുടരുന്നു, ഇന്നും.
ജപ്പാനില്‍ രോഗം വന്നാല്‍ നമുക്കെന്ത് എന്ന് സംശയം വരാം. സംശയിക്കേണ്ട, മെര്‍ക്കുറി വിഷം നമുക്ക് തൊട്ടടുത്ത് കൊടൈക്കനാലിലും എത്തിയെന്നറിയുക. മെര്‍ക്കുറി മലിനീകരണത്തിന് അമേരിക്കയില്‍ നിന്ന് കെട്ടുകെട്ടിച്ച ഒരു കമ്പനി കൊടൈക്കനാലിലെ ശാന്തസുന്ദരമായ വനപ്പച്ചയില്‍ നങ്കൂരമിട്ടതോടെയാണ് കഥയുടെ തുടക്കം.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്ന കമ്പനി അവിടെ തെര്‍മോമീറ്റര്‍ നിര്‍മാണം തുടങ്ങി. അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതിയും. ഏതാനും വര്‍ഷം ഒരു കുഴപ്പവും സംഭവിച്ചില്ല. പിന്നെപ്പിന്നെ തൊഴിലാളികള്‍ രോഗബാധിതരായി തുടങ്ങി. രോഗപീഢയുടെ ആധിക്യം ക്രമേണ വര്‍ധിച്ചു. ആകെ രോഗികളായത് 600 പേര്. മരണമടഞ്ഞത് 45 പേര്. പ്രശ്നം രൂക്ഷമായതോടെ ഉല്പാദനം നിര്‍ത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡും നാഷണല്‍ എണ്‍വയോണ്‍മെന്റല്‍ എഞ്ചിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഒടുവില്‍ സുപ്രീംകോടതിയുമൊക്കെ രംഗത്തെത്തി.
കമ്പനിയില്‍ ജോലിയെടുക്കുന്ന 591 തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി വിധി. രാജ്യത്ത് വ്യവസായത്തൊഴിലാളികള്‍ തൊഴില്‍ജന്യ രോഗത്തിന്റെ പേരില്‍ കൂട്ടപ്പരാതി നല്‍കുന്നതും അതിന് കോടതി നഷ്ടപരിഹാരം അനുവദിച്ചതുമായ ആദ്യസംഭവം.
നഷ്ടപരിഹാരം കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. കൊടൈക്കനാലിലെ വനഭൂമിയില്‍ അടിഞ്ഞുകൂടിയ മെര്‍ക്കുറി മാത്രകളെക്കൂടി ഇല്ലാതാക്കിയെങ്കില്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാവൂ. ഇതേവരെ വിഷം കലര്‍ന്ന 28,000 കിലോ മണ്ണ് ശുദ്ധീകരിക്കാന്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചുവെന്നാണ് കമ്പനിയുടെ വാദം. ഇനി 360 കിലോഗ്രാം കൂടി ശരിയാക്കിയാല്‍ മതിയത്രെ.
പിന്നെ കമ്പനിക്കുചുറ്റും ചിതറിക്കിടക്കുന്ന 1.3 ടണ്‍ മെര്‍ക്കുറി സംഭരിക്കുകയും വേണം. എന്നാല്‍ അന്തരീക്ഷത്തില്‍ ശേഷിക്കുന്ന മെര്‍ക്കുറിയുടെ അളവ് 17 ടണ്‍ എന്ന് സന്നദ്ധസംഘടനകള്‍ തിരുത്തിപ്പറയുന്നു. കൊടൈക്കനാലിന്റെ നൈര്മല്യത്തിന് ഭീഷണിയായ ഈ വിഷരസത്തെ ആര് പുറത്താക്കും.
കമ്പനി പരിസരത്തെ ഒരുകിലോഗ്രാം മണ്ണില്‍ ശരാശരി 20 മില്ലിഗ്രാം രസം മാത്രമേയുള്ളുവെന്നും അത് അനുവദനീയമാണെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ സാധാരണ കാണുന്നതിന്റെ 250 ഇരട്ടിയാണ് ഈ അളവെന്ന് സന്നദ്ധസംഘടനകള്‍.
തെര്‍മോമീറ്റര്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല മെര്‍ക്കുറി അഥവാ രസം ഉപയോഗിക്കുന്നത്. വിവിധതരം ബള്‍ബുകള്‍, സ്വിച്ചുകള്‍, ചില വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാക്കാന്‍ മെര്‍ക്കുറി കൂടിയേ തീരു. ഒട്ടേറെ ഇലക്ടോണിക് ഉല്പന്നങ്ങളുടെ നിര്‍മാണത്തിലുമുണ്ട് മെര്‍ക്കുറിയുടെ സാന്നിധ്യം. ഉദാഹരണം, പാല്‍വെളിച്ചം പകരുന്ന സിഎഫ്എല്‍ വിളക്കുകള്‍. അതിനാല്‍ നാം തീര്‍ച്ചയായും മീനമാതായെ അറിയണം. മീനമാതാ ഉള്‍ക്കടല്‍ത്തീരത്ത് ചിസ്സോ ഫാക്ടറി തുടങ്ങിയത് 1907 ല്‍. 1925 ആയപ്പോഴേക്കും ഉള്‍ക്കടലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിത്തുടങ്ങി. മുക്കുവര്‍ പരിഭ്രാന്തരായി.
കടലിലെ അജ്ഞാതപ്രതിഭാസമാണ് മത്സ്യം ചത്തുപൊങ്ങുന്നതിന് കാരണമെന്ന് കമ്പനി വിശദീകരിച്ചു. ഉത്പാദനം വര്‍ധിച്ചതോടെ കൂടുതല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. തുടര്‍ന്ന് കടല്‍ക്കാക്കകളുടേയും കൊക്കുകളുടേയും കഴുകന്റേയും ഊഴമായി. 1953 ആയപ്പോഴേക്കും പൂച്ചകളും നായ്ക്കളും മരണത്തിനിരയായിത്തുടങ്ങി. ഭ്രാന്തന്മാരെപ്പോലെ ആടി ആടി വിറങ്ങലിച്ച് അവ കൊല്ലപ്പെട്ടപ്പോള്‍ ‘മാര്‍ജാരനൃത്തരോഗം’ എന്ന പേരും രോഗത്തിന് വീണു.
തുടര്‍ന്ന് അതേരോഗം മനുഷ്യരിലേക്കെത്തി. വിറയല്‍, ചലനശേഷിയുടെ നാശം, സംസാരം അസ്പഷ്ടമാകുന്ന അവസ്ഥ, ശരീരത്തിന്റെ നില തെറ്റുക, കേള്‍വിയും കാഴ്ചയും കുറയുക, പേശികള്‍ പ്രവര്‍ത്തിക്കാതാവുക എന്നിങ്ങനെ നിരവധി ലക്ഷണങ്ങള്‍. കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന ജലത്തിലൂടെയെത്തിയ മെര്‍ക്കുറി കടലിന്റെ അടിത്തട്ടിലെ ചെളിയില്‍ അടിഞ്ഞുകൂടുന്നുണ്ടെന്നും അത് മീതൈല്‍ മെര്‍ക്കുറിയായി മാറി മത്സ്യങ്ങളിലും മറ്റും കേന്ദ്രീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കാന്‍ പിന്നെയുമെടുത്തു പല വര്‍ഷങ്ങള്‍. വിഷം കലര്‍ന്ന മത്സ്യങ്ങളെ ഭക്ഷിച്ചതിലൂടെ മെര്‍ക്കുറി മനുഷ്യരിലും എത്തി.
തലച്ചോറിലും കരളിലും അത് അടിഞ്ഞുകൂടി. ആയിരങ്ങള്‍ മാറാരോഗികളായി. പക്ഷെ, ഇതൊക്കെ സമ്മതിച്ചുകൊടുക്കാന്‍ ജപ്പാനിലെ സര്‍ക്കാരിന് പിന്നെയും നാല് പതിറ്റാണ്ടുകൂടി വേണ്ടിവന്നു.
മീനമാതാ നമുക്കൊരു പാഠമായില്ല. പക്ഷെ, കൊടൈക്കനാലെങ്കിലും നമുക്കൊരു പാഠമാവണം. മെര്‍ക്കുറിക്ക് രസിക്കാനുള്ള ഇരകളായി നാം മാറേണ്ടതില്ല. പ്രത്യേകിച്ചും മീനമാതാ കണ്‍വെന്‍ഷനില്‍ ഭാരതം ഒരു അംഗരാജ്യമായി തുടരുമ്പോള്‍. കണ്‍വെന്‍ഷനില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും 2020 ഓടെ എല്ലാ മെര്‍ക്കുറി ഉത്പന്നങ്ങളും പൂര്‍ണമായും ഉപേക്ഷിച്ചിരിക്കണമെന്നാണ് വ്യവസ്ഥ എന്നുകൂടി ഓര്‍ക്കുക!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: