കോഴിക്കോട്: പൈപ്പ് പൊട്ടിയും ടാറികളകിയും മറ്റും റോഡിലുണ്ടാവുന്ന കുഴികളില്‍ വാഹനങ്ങളും യാത്രക്കാരും വീണ് അപകടങ്ങള്‍ സംഭവിക്കുന്ന കേസുകളില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും വകുപ്പുകള്‍ക്കുമെതിരേ കേസെടുക്കും. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേംബറില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.
മഴവെള്ളം നിറഞ്ഞത് കാരണം കുഴികളുള്ളത് അറിയാതെ വാഹനങ്ങള്‍ വീണ് അപകടങ്ങളുണ്ടാവുന്നത് തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണിത്. കുഴികള്‍ രൂപപ്പെടുന്നതിനുള്ള കാരണങ്ങള്‍ കണ്ടത്തി പരിഹരിച്ച് അവ എത്രയും വേഗം അടയ്‌ക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
പയ്യോളി, എലത്തൂര്‍ പോലിസ് സ്റ്റേഷനുകള്‍ക്കു മുമ്പിലെ ബസ് പഞ്ചിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമാക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ട്രാഫിക് പോലീസ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബസ് ബേകളും ബസ് ഷെല്‍റ്ററുകളും സ്ഥാപിക്കും. നഗരത്തിലെ പുഷ്പ, രാജാജി, വുഡ്‌ലാന്റ്, പാളയം ജംഗ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്നും തീരുമാനമായി.
യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ, കോഴിക്കോട് ആര്‍.ടി.ഒ പ്രേമാനന്ദന്‍ കെ, വടകര ആര്‍.ടി.ഒ വിനീഷ്, എ.സി.പി സൗത്ത് (ട്രാഫിക്) ബാബു, പി.ഡബ്ല്യു.ഡി- റോഡ്‌സ്, എന്‍.എച്ച്, ബില്‍ഡിംഗ്‌സ്, കോര്‍പറേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















