പത്തനാട്: പത്തനാട് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ മത്സ്യക്കച്ചവടം ദുസ്സഹമാകുന്നു. മത്സ്യത്തിന്റെ ദുര്‍ഗന്ധം സഹിച്ചാണ് യാത്രക്കാര്‍ ബസ്സ് കാത്തു നില്‍ക്കുന്നത്. ദിവസേന നിരവധി ബസ്സുകളാണ് പത്തനാട് ജംഗ്ഷനിലൂടെ കടന്നുപോകുന്നത്. സ്‌കൂള്‍വര്‍ഷം ആരംഭിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ ബസ്സില്‍ കയറാന്‍ കാത്തു നില്‍ക്കുന്നു. മഴക്കാലത്തിനു മുന്‍പുള്ള ശുചിത്വ സംവിധാനത്തിനായി പത്തനാട്ടെ വ്യാപാരി വ്യവസായി പ്രതിനിധികളേയും പൗരപ്രമുഖരേയും പഞ്ചായത്താഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊതുസ്ഥലത്തെ മത്സ്യവിപണനം നിര്‍ത്തണമെന്ന ആവശ്യമുന്നയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന ഡിവൈഎഫ്‌ഐ യുടെ കൊടിമരചുവട്ടിലാണ് സ്വകാര്യവ്യക്തി മത്സ്യക്കച്ചവടം നടത്തുന്നത്. മത്സ്യമാംസ വിപണന നിയമങ്ങള്‍ കാറ്റില്‍ പറത്തിനടത്തുന്ന ഈ മത്സ്യക്കച്ചവടം സൗകര്യമായ മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
















