കല്‍പ്പറ്റ : മുദ്ര വായ്പ നിഷേധിച്ചാല്‍ മുഴുവന്‍ ബാങ്കുകളും ഉപരോധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്ന കേരളത്തിലെ ബാങ്കുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ലീഡ് ബാങ്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
കേന്ദ്ര ഗവണ്മെന്റ് തൊഴില്‍ വ്യാപാരമേഖലകളെ പുഷ്ടിപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ മുദ്രാബാങ്ക് വായ്പ പദ്ധതി കേരളത്തിലെ ബാങ്കുകള്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി വയനാട് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ വയനാട് ലീഡ് ബാങ്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
ബാങ്കുകളില്‍ തൊഴിലവസരങ്ങള്‍ നേടിയെടുക്കുന്നതിനായി വായ്പക്കായി അപേക്ഷ നല്കുന്നവരോട് ഒഴിവ്കഴിവുകള്‍ പറഞ്ഞ് മടക്കിയയക്കാന്‍ വ്യഗ്രത കാട്ടുന്ന അധികാരികള്‍ ബാങ്കുകളുടെ വളര്‍ച്ചക്ക് തടസ്സമാകുകയാണെന്നും, ഉദാരവ്യവസ്ഥയില്‍ ശിശു, കിഷോര്‍, തരുണ എന്നീ ക്രമത്തില്‍ സ്വന്തം ജാമ്യ വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കുന്ന മുദ്ര ബാങ്ക് വായ്പ പദ്ധതിയില്‍ 20 ലക്ഷം ആളുകള്‍ക്ക് വായ്പ നല്കുവാനുള്ള ടാര്‍ജറ്റ് കേരളത്തിലെ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷെ നാളിതുവരെയായി എട്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ പദ്ധതികൊണ്ട് ഗുണം ലഭിച്ചത്. വയനാട് ജില്ലയിലെ ചില ബാങ്കുകള്‍ രാഷ്ട്രീയ പ്രേരിതമായി ഈ വായ്പ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. എന്നും അദേഹം പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, കെ.സദാനന്ദന്, ടി.എ.മാനു, വി.മോഹനന്, ശാന്തകുമാരി ടീച്ചര്‍ കെ.ശ്രീനിവാസന്, കണ്ണന് കണിയാരം കേശവനുണ്ണി , കെ.പി.മധു, അഖില്‍ പ്രേം രാധാസുരേഷ് ടി. എം.സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: