പത്തനംതിട്ട: വിഷരഹിത പച്ചക്കറിവിളയിക്കാന് നാടെങ്ങും പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ അടുക്കളത്തോട്ടങ്ങളില്‍ ദൃശ്യമാകുന്നത് പുത്തന്‍ ഉണര്‍വ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ മാരക കീടനാശിനികളാണ് അടങ്ങിയിരിക്കുന്നതെന്ന തിരിച്ചറിവാണ് അടുത്തകാലത്തായി പച്ചക്കറി തോട്ടങ്ങളില്‍ താല്പര്യം കാണിക്കുവാന്‍ ആളുകളും തയ്യാറായത്. പുതുതലമുറയും സമൂഹ്യ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പുതിയ ട്രന്റിന് തുടക്കമായി. വീടുകള്‍ക്ക് പുറമേ സ്കൂള്‍ വളപ്പുകളിലും കുടുംബശ്രീകളുടെ മേല്നോട്ടത്തിലുമുള്ള പച്ചക്കറി തോട്ടങ്ങളില്‍ നിന്നും മികച്ച വിളവാണ് കഴിഞ്ഞവര്‍ഷം ലഭിച്ചതും. കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്തുകളില്‍ നാടന്‍ പച്ചക്കറികള്‍ വിപണം ചെയ്യാനുള്ള സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വീട്ടുമുറ്റത്തു സ്ഥലമില്ലാത്തവര്‍ ടെറസിന് മുകളില്‍ ഗ്രോബാഗുകളില്‍ പച്ചക്കറി ഇനങ്ങള്‍ വിളയിച്ചു. ഏതാനും ഗ്രോബാഗുകളെങ്കിലും കാണാത്ത വീടുകളും നാട്ടില്‍ ചുരുക്കം. സാമൂഹ്യ മാധ്യമങ്ങളിലെ കുട്ടായ്മകള്‍, വിവിധ കൃഷിരീതികളെ സംബന്ധിച്ച പുത്തന്‍ അറിവുകള്‍ പങ്കുവെച്ചു. പലരും മത്സര ബുദ്ധിയോടെയാണ് പയറും പാവലും കോവയ്ക്കയും ചീരയും കൃഷി ചെയ്തത്. ഇതോടൊപ്പം കൃഷിവകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളും കൃഷിക്ക് പ്രോത്സാഹനവുമായി സജീവം. പച്ചക്കറി വിത്തുകളും വളവും സൗജന്യമായി നല്കുന്ന പദ്ധതികളും പല സാമൂഹിക സംഘടനകളും ഏറ്റെടുത്തു. അടുത്തകാലത്തായി നാടന്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ മികച്ച നേട്ടം ഉണ്ടാക്കാനും ഇത്തരത്തില്‍ കഴിഞ്ഞു.
വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയിലൂടെ ജില്ലയില്‍ ഈ വര്‍ഷം 6189 മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാന്‍ കൃഷി വകുപ്പ് ലക്ഷ്യമിടുന്നു. വനിതാ കര്‍ഷകര്‍, കുടുംബശ്രീ, മറ്റു സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് വീട്ടുവളപ്പില്‍ പച്ചക്കറിത്തോട്ടം ഒരുക്കാന്‍ 25 രൂപ വിലയുള്ള കിറ്റുകള്‍ കൃഷി വകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നു. 21360 കിറ്റുകളാണ് ഈ വര്‍ഷം ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതിലൂടെ 589 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യാനാവും.
വീട്ടുവളപ്പില്‍ സ്ഥലമില്ലാത്തവര്‍ക്ക് ടെറസില്‍ കൃഷി ചെയ്യാം. ഇതിനായി 25 ഗ്രോബാഗുകള്‍, ജൈവവള മിശ്രിതം, വിവിധയിനം പച്ചക്കറി തൈകള്‍ അടങ്ങുന്ന യൂണിറ്റ് എന്നിവ വിതരണം ചെയ്യുന്നുണ്ട്. ഒരു യൂണിറ്റിന് 2000 രൂപയാണ് വില. 75 ശതമാനം സബ്സിഡിയോടെയാണ് കൃഷി ഭവനുകളില്‍ ഇത് നല്‍കുന്നത്. ഇതിനായി കൃഷി ഭവനില്‍ അപേക്ഷ നല്‍കണം. ഈ വര്‍ഷം 8000 ഗ്രോബാഗുകളാണ് ജില്ലയില്‍ വിതരണം ചെയ്യുക. ഇതിനായി 48 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ചാണകപ്പൊടി, മണ്ണ്, വേപ്പിന്‍പിണ്ണാക്ക്, കുമ്മായം എന്നിവ കൂട്ടിയോജിപ്പിച്ച മിശ്രിതമാണ് ഗ്രോബാഗുകളില്‍ ഉപയോഗിക്കുന്നത്. ഒരു ഗ്രോബാഗില്‍ തുടര്‍ച്ചയായി കൃഷി ചെയ്യാനാവും. ക്യാബേജ്, വെണ്ടയ്ക്ക, കോളിഫ്ളവര്‍, മുളക് എന്നിവയാണ് പ്രധാനമായും ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്നത്.
പത്ത് സെന്റ് സ്ഥലം ലഭ്യമാക്കാന്‍ കഴിയുന്ന ജില്ലയിലെ സ്കൂളുകള്‍ക്ക് പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് വിദ്യാലയത്തിലെ കൃഷിത്തോട്ടം. ജില്ലയില്‍ ഈ വര്‍ഷം 130 സ്കൂളുകളില്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഒരു സ്കൂളിന് നാലായിരം രൂപ ലഭിക്കും. കുട്ടികളില്‍ കാര്‍ഷിക അവബോധം സൃഷ്ടിക്കാനും ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനുമാണ് സ്കൂളുകളില്‍ പച്ചക്കറി തോട്ടങ്ങള്‍ ഒരുക്കുന്നത്. മികച്ച കര്‍ഷക വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനി, അധ്യാപകന്, അധ്യാപിക, പ്രധാന അധ്യാപകന്, അധ്യാപിക, സ്കൂള്‍ എന്നിങ്ങനെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അവാര്‍ഡുകളും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: