‘സുബാഹു സ്തുതിച്ചു: ‘അമ്മേ, ജഗജ്ജനനി, നിന്നെ ഞാന്‍ നമിക്കുന്നു. സകല കാമങ്ങളും നിവൃത്തിക്കുന്ന അവിടുത്തേയ്‌ക്ക് എന്റെ നമസ്‌കാരം. ദേവീ, സഗുണനായ ഞാനെത്ര ചിന്തിച്ചാലും നിര്‍ഗുണമായ നിന്റെ മഹത്വം എങ്ങനെ വര്‍ണ്ണിക്കാനാകും? ഭക്തന്മാര്‍ക്ക് സര്‍വ്വാഭീഷട്ങ്ങളും നല്‍കുന്ന അവിടുത്തെ ഞാനെങ്ങനെ സ്തുതിക്കാനാണ്! നീയാണ് ബുദ്ധി, വാക്ക്, വിദ്യ, സകലജീവികളിലും സ്പന്ദിക്കുന്ന ജീവന്‍. അങ്ങനെയുള്ള നിന്നെ, സകലജീവികളുടെയും മനോനിയന്ത്രണം കയ്യിലുള്ള അവിടുത്തെ എല്ലായ്‌പ്പോഴും എങ്ങും നിറഞ്ഞു വിളങ്ങുന്ന ആത്മസ്വരൂപയായ സര്‍വ്വേശ്വരിയെ ഞാനേത് വാക്കുകളാല്‍ സ്തുതിക്കും? ബ്രഹ്മാദികള്‍ സ്തുതിച്ചിട്ടുപോലും അവിടുത്തെ മഹിമാവിശേഷങ്ങള്‍ തീര്‍ന്നില്ലല്ലോ. അങ്ങനെയെങ്കില്‍ എന്നെപ്പോലുള്ള ഒരജ്ഞാനിക്ക് നിന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്താന്‍ ആവുന്നതെങ്ങനെ? യാദൃശ്ചികമായി കിട്ടുന്ന സത്സംഗം പോലും ചിത്തശുദ്ധിക്ക് നിദാനമാകുന്നു. അവിടുത്തെ ഭക്തനായ എന്റെ ജാമാതാവുമായുള്ള സംഗം എന്നെ അമ്മയോട് കൂടുതല്‍ അടുപ്പിച്ചിരിക്കുന്നു. അവനിലൂടെ അമ്മയെ ദര്‍ശിക്കാനും എനിക്കായി. ബ്രഹ്മാദികളും ഇന്ദ്രാദികളും കൊതിക്കുന്ന ആ അസുലഭദര്‍ശനം യോഗസാധനകള്‍ കൂടാതെ തന്നെ എനിക്ക് സാധിച്ചിരിക്കുന്നു. സംസാരദുഃഖത്തിനുള്ള ഏക ഔഷധം അവിടുത്തെ ദിവ്യദര്‍ശനം മാത്രമാണ്. സദാ കാരുണ്യവര്‍ഷം ചൊരിയുന്ന അവിടുന്ന് തന്നെയാണ് ദേവഗണങ്ങള്‍ സദാ പൂജിക്കുന്ന ജഗന്മയി. അതിബലവാന്മാരായ ശത്രുക്കളെ കൊന്ന് നീയീ ബാലനെ രക്ഷിച്ചു. ആപത്തില്‍ രക്ഷയേകുന്ന അവിടുത്തെ ഭക്താനുകമ്പ എത്രയെന്നു വാഴ്‌ത്താന്‍ മൂഢമതിയായ എനിക്ക് കഴിയുന്നില്ലല്ലോ! വാസ്തവത്തില്‍ ഇതിലൊന്നും അത്ഭുതം കാണേണ്ടതില്ല. സകലതിന്റെയും നിയന്താവായ ദേവി ശത്രുവിനെ കൊന്നു സുദര്‍ശനനെ രക്ഷിച്ചു. സകലതിന്റെയും രക്ഷിതാവായ അമ്മ ഇങ്ങിനെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതം! നിന്നെ ഭജിക്കുന്ന ഭക്തന്റെ കീര്‍ത്തി പരത്താനായി അവിടുന്നൊരു നാടകം ആടിയതുമാവാം. അല്ലെങ്കില്‍ എന്റെ മകളുടെ വിവാഹത്തില്‍ നിന്നുണ്ടായ വൈരം യുദ്ധത്തില്‍ കലാശിച്ചപ്പോള്‍ സുശീലനും സൗമ്യനുമായ ഈ കുമാരനെങ്ങനെ വിജയമുണ്ടാവാനാണ്! ഭക്തരുടെ ജനനമരണദുഃഖങ്ങള്‍ ഇല്ലാതാക്കാന്‍ പോന്ന അവിടുത്തേയ്‌ക്ക് അവരുടെ ഭൗതീകങ്ങളായ ആശകള്‍ തീര്‍ക്കാന്‍ സാധിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. സത്തുക്കള്‍ അമ്മയെ സഗുണയായും നിര്‍ഗുണയായും അപാരയായും, പാപപുണ്യാതീതയായും ആരാധിക്കുന്നു. അവിടുത്തെ ദര്‍ശനഭാഗ്യം ലഭിക്കുകമൂലം ഞാന്‍ ധന്യനും സുകൃതിയുമായി. അവിടുത്തെ ബീജമന്ത്രം പോലും അറിവില്ലാത്ത എനിക്ക് അവിടുത്തെ മഹിമയെന്തെന്നറിയാന്‍ ഇന്നീ മഹദ് ദര്‍ശനം കൊണ്ട് സാധിച്ചു.
രാജാവിങ്ങനെ സ്തുതിക്കവേ, ദേവി മന്ദസ്മിതത്തോടെ ‘അഭീഷ്ടവരം എന്താണെകിലും ചോദിച്ചു കൊള്ളൂ’, എന്ന് അരുളിച്ചെയ്തു.
(തുടരും)
















