കാസര്‍കോട്: ജില്ലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു. തെരഞ്ഞെടുപ്പ് ദിവസം മുതല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയും അനുഭാവികളെയും നിരന്തരമായി വേട്ടയാടി അക്രമിച്ചു കൊണ്ടിരിക്കുകയാണ് സിപിഎം നേതൃത്വം നല്കുന്ന ക്രിമിനല്‍ ഗുണ്ടാ സംഘങ്ങള്‍. ആണുങ്ങള്‍ക്ക് നേരെ നടത്തിയിരുന്ന അതിക്രമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ തിരിച്ച് വിട്ടിരിക്കുകയാണ് സിപിഎം.
വീടുകള്‍ കയറി പിഞ്ചു കുട്ടികളെ പോലും വെറുതെ വിടാതെ അങ്കക്കലി തീര്‍ക്കുന്ന ഗുണ്ടകള്‍ തടുക്കാന്‍ ചെല്ലുന്ന സ്ത്രീകളെ കൈയ്യേറ്റം ചെയ്യുകയും അസഭ്യ വര്‍ഷങ്ങള്‍ ചൊരിയുകയുമാണ് ചെയ്യുന്നത്. അക്രമികളെ ഭയന്ന് പകല്‍ നേരങ്ങളില്‍ പോലും മനസ്സമാധാനമായി വീടുകളില്‍ കഴിയാന്‍ സാധിക്കുന്നില്ലെന് സ്ത്രീകള്‍ പറയുന്നു. കള്ളു കുടിച്ച് സ്ഥലകാല ബോധമില്ലാതെയെത്തുന്ന അക്രമി സംഘം സ്ത്രീകളെ മുടിക്കുത്തിന് പിടിച്ച് വലിച്ച് നിലത്തിട്ട് ചവിട്ടുകയും, വസ്ത്രങ്ങള്‍ വലിച്ച് കീറി അപമാനിക്കുകയുമാണ് ചെയ്യുന്നത്.
സിപിഎം ഉന്നത നേതാക്കളുടെ അറിവോടെ പ്രാദേശിക നേതാക്കളടങ്ങുന്ന ഗുണ്ടാസംഘങ്ങളാണ് പല സ്ഥലങ്ങളിലും അക്രമണങ്ങള്‍ അഴിച്ച് വിടുന്നത്. മദ്യവും, മയക്കു മരുന്നും ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളും സഞ്ചരിക്കാന്‍ വാഹനങ്ങളും അക്രമിക്കാന്‍ ആയുധങ്ങളും നല്കി സിപിഎം ഗുണ്ടകളെ ഇളക്കി വിട്ട് ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയാണ്. കഴിഞ്ഞ ദിവസം പടിഞ്ഞാറെക്കരയില്‍ ബൈക്കുകളില്‍ ഇരമ്പിയെത്തി പ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷമാണ് അക്രമണം നടത്തിയത്. ഞങ്ങടെ ഭരണത്തില്‍ ഞങ്ങള്‍ പറയും പോലെ കേള്‍ക്കണം ഇല്ലെങ്കില്‍ നാട് വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു അക്രമം.
തെരഞ്ഞെടുപ്പ് ദിവസം മുന്‍ തൃക്കരിപ്പൂര്‍ എംഎല്‍എ കെ.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ബിജെപി ബൂത്ത് ഏജന്റ് സാഗറിനെ വോട്ടെടുപ്പ് കഴിഞ്ഞ് പുറത്ത് വരാന്‍ വിടാതെ ബൂത്തില്‍ തടഞ്ഞ് വെച്ചിരുന്നു. തുടര്‍ന്ന് ഇനി മുതല്‍ നാട്ടില്‍ ബിജെപി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയില്ലെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തിരുന്നു. കൊളവയല്‍, മാങ്ങാട്, ബേഡകം, കുറ്റിക്കോല്‍ തുടങ്ങിയ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സിപിഎം അക്രമണം നടത്തുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വോട്ട വര്‍ദ്ധനവില്‍ വിറളി പൂണ്ടിരിക്കുകയാണ് സിപിഎം നേതൃത്വം.
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അക്രമണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം പല കേസുകളും അട്ടിമറിച്ച് കൊണ്ടിരിക്കുന്നു. ജില്ലയ്ക്ക് മന്ത്രിയെ കിട്ടിയതു മുതല്‍ കണ്ണൂര്‍ പിണറായി അക്രമണം ജില്ലയിലും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. മന്ത്രിയുള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ അറിവോടെയാണ് പല അക്രമണങ്ങളും നടക്കുന്നത്.
ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായി പോയിയെന്ന കാരണത്താല്‍ നിരവധി ആളുകള്‍ക്ക് സിപിഎം ഗുണ്ടകളുടെ അക്രമണത്തില്‍ ഉപജീവന മാര്‍ഗ്ഗങ്ങള്‍ നഷ്ടമായിട്ടുണ്ട്. തയ്യല്‍ക്കടയും, നിരവധി ഓട്ടോറിക്ഷകളും സിപിഎം അഗ്നിക്കിരയാക്കി കഴിഞ്ഞു. ഇതിലൂടെ ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുകയാണ്. ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അതാത് ദിവസത്തെ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്ന പലരും സിപിഎം ക്രിമിനലുകള്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതോടെ കുട്ടികളുടെ വിശപ്പിന്റെ നിലവിളികള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.
ഭരണം ലഭിച്ച മഞ്ഞളിപ്പില്‍ തിമിരം ബാധിച്ച സിപിഎം പാവങ്ങളും നിരപരാധികളുമായവരെ അക്രമിക്കുകയാണ്. ഭരണമാറ്റത്തോടെ നിറം മാറിയ പോലീസ് നിരപരാധികളായ ആര്‍എസ്-ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകളെടുത്ത് വീടുകള്‍ കയറി ഇറങ്ങി പീഡിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: