കല്‍പ്പറ്റ: എം.വി. ശ്രേയാംസ്കുമാറിന്റെയും പി.കെ. ജയലക്ഷ്മിയുടെയും തോല്‍വിയെതുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടല്‍. 2011ല്‍ 18169 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശ്രേയാംസ്കുമാര്‍ 2016ല്‍ 13083 വോട്ടിന് സി.കെ. ശശീന്ദ്രനോട് പരാജയപ്പെട്ടു. ശ്രേയാംസിന്റെ തോല്‍വി കോണ്‍ഗ്രസ് നേതൃത്വം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നാണ് നേതാക്കളുടെ വാദം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കല്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളില്‍ സംഭവിച്ച വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡി സിസി പ്രസിഡന്റും ബത്തേരി എംഎല്‍എയുമായിരുന്ന എന്‍.ഡി. അപ്പച്ചനെതിരെയും കോണ്‍ഗ്രസില്‍ പടനീക്കം.
ഇതിന്റെ ഭാഗമായി അപ്പച്ചനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആര്.രാജേഷ്കുമാര്‍, വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ പി.പി. റെനീഷ്, പി.ടി. മുത്തലിബ്ബ് എന്നിവര്‍ കെപിസിസി പ്രസിഡന്റിന് പരാതി അയച്ചു. ഇതിന്റെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന അധ്യക്ഷന്മാര്ക്കും അയച്ചിട്ടുണ്ട്. പ്രസിഡന്റ് അടക്കം ഡിസിസി ഭാരവാഹികളില്‍ ചിലരുടെ മൗനാനുവാദത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.
തെരഞ്ഞെടുപ്പില്‍ കല്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. ഇതിന്റെ ഉത്തരവാദിത്തം അപ്പച്ചനും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമാണെന്ന് ആരോപിക്കുന്ന പരാതിയില്‍ വിഷയം കെപിസിസി അന്വേഷിക്കണമെന്ന ആവശ്യവുമുണ്ട്.
ഡിസിസി മുന്‍ പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്റെ ചില നിലപാടുകള്‍ ഈ ആരോപണങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചാക്കോ, കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റ് ബിനു ജേക്കബ്ബ് എന്നിവരെ തക്കതായ കാരണങ്ങളില്ലാതെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു പുറത്തായ ചിലര്‍ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രഹസ്യയോഗം വിളിച്ചിരുന്നു. ഡിസി സിയുടെ വിലക്ക് ലംഘിച്ച് ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അപ്പച്ചനെ പ്രദേശത്തെ യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയുണ്ടായി. എന്നാല്‍ തന്നെ മര്‍ദിച്ചുവെന്ന് കുപ്രചാരണം നടത്തിയ അപ്പച്ചന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ തെറ്റിധരിപ്പ് ബൈജു ചാക്കോ, ബിനു ജേക്കബ്ബ് എന്നിവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്പറ്റ മണ്ഡലത്തിന്റെ പാര്‍ട്ടി ചുമതല അപ്പച്ചനായിരുന്നു. എന്നാല്‍ യുഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പുവരുത്തുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ അദ്ദേഹം തയാറായില്ല. യു.ഡി.എഫിനു വന്‍ ഭൂരിപക്ഷം ലഭിക്കേണ്ട മുട്ടില്‍ പഞ്ചായത്തില്‍ എല്‍ ഡിഎഫ് രണ്ടായിരത്തോളം വോട്ടിനു മുന്നിലായിരുന്നു. അപ്പച്ചന്റെ തട്ടകവും മുട്ടില്‍ പഞ്ചായത്തിന്റെ ഭാഗവുമായ വാഴവറ്റയില്‍ മുമ്പെങ്ങും ഇല്ലാത്ത ചോര്‍ച്ചയാണ് കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ ഉണ്ടായത്. കല്പറ്റ മണ്ഡലത്തില്‍ രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് യുഡി എഫിനു മുന്നിലെത്താനായത്. കോണ്‍ഗ്രസ് കോട്ടകളെന്ന ഖ്യാതി തെരഞ്ഞടുപ്പുഫലം പുറത്തുവന്നപ്പോള്‍ പല പഞ്ചായത്തുകള്‍ക്കും നഷ്ടമായി. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നീക്കങ്ങള്‍.
മാനന്തവാടി മണ്ഡലത്തില്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ തോല്‍വിക്കു പിന്നിലും കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ കരങ്ങളാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സ്വാര്‍ഥ താത്പര്യങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിച്ചും ശത്രുപക്ഷത്തു നിര്‍ത്തിയും ചിലര്‍ നടത്തിയ കളികള്‍ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി-പരാതിയില്‍ പറയുന്നു. എന്‍. ഡി.അപ്പച്ചനെ വെള്ളപൂശുന്ന രീതിയില്‍ ബത്തേരി മണ്ഡലം പ്രസിഡണ്ട് ജോഷി കുരീകാട്ടില്‍ രംഗത്തുവന്നു. ഇതോടെ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലെ വിഴുപ്പലക്ക് കൂടും. സിപിഎമ്മിനുവേണ്ടി വിടുപണി ചെയ്ത അപ്പച്ചനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: