കല്‍പ്പറ്റ : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഡീഅഡിക്ഷന് സെന്റര്‍ തുടങ്ങുമെന്ന് കലക്ടറ്റേ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആദിവാസി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. പട്ടികവര്‍ഗക്കാരെ മദ്യത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാനുദ്ദേശിച്ചാണിത്. ബത്തേരിയിലും ഡീ അഡിക്ഷന് സെന്ററിനുള്ള സാധ്യത പരിശോധിക്കും. ആദിവാസി കോളനികളില്‍ മദ്യം വിതരണം ചെയ്യുന്നവര്‍ക്കെതിരെ പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കൂടി ചേര്‍ത്ത് കേസെടുക്കും. പണി പൂര്‍ത്തിയാവാത്ത വീടുകളുള്ളതും ബീവറേജസ് സെന്ററുകള്‍ക്ക് സമീപത്തുള്ളതുമായ കോളനികളെ ദുര്‍ബല കോളനികളായി പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് തലത്തില്‍ നടപടി സ്വീകരിക്കും. കേരള അതിര്‍ത്തിയില്‍ തമിഴ്നാട്ടിലെ താളൂരിലും മറ്റും ജനവാസമില്ലാത്ത കേന്ദ്രങ്ങളില്‍ കേരളത്തിലെ ആദിവാസി കോളനികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാനാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാറിന് കത്ത് നല്‍കും. മുള്ളന്‍കൊല്ലി മേഖലയില്‍ കര്‍ണാടകയില്‍നിന്നുള്ള മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും കടത്ത് തടയാന്‍ പൊലീസ് പരിശോധന ശക്തമാക്കും. പൂര്‍ത്തിയാവാത്ത ആദിവാസി വീടുകളുടെ ബിനാമി കരാറുകാര്‍ക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കും. സ്കൂളുകളില്‍നിന്നുള്ള ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട അധ്യാപന യോഗ്യതയുള്ളവരെ നിയമിക്കും. കൊഴിഞ്ഞുപോക്ക് തടയാനുള്ള എസ്.എസ്.എയുടെ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ആദിവാസി സംഘടനാപ്രവര്‍ത്തകരെയും ഊരുമൂപ്പന്മാരെയും വിളിച്ചുചേര്‍ത്ത് ശില്പശാല നടത്തും. അരിവാള്രോഗം ബാധിച്ചവര്‍ക്കായുള്ള ഭൂമിവിതരണം, ആശിക്കുംഭൂമി ആദിവാസികള്‍ക്ക് പദ്ധതി പ്രകാരമുള്ള ഭൂമി വിതരണം എന്നിവയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. യോഗത്തില്‍ വിവിധ ആദിവാസി സംഘടനാ നേതാക്കളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: