അരിസോണ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ഇക്വഡോറിന് രണ്ടാം സമനില. ആദ്യ മത്സരത്തില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ഇക്വഡോര്‍ ഇന്നലെ പെറുവിനെയാണ് 2-2ന് പിടിച്ചുകെട്ടിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമായിരുന്നു ഇക്വഡോര്‍ സമനിലയില്‍ തളച്ചത്. 39-ാം മിനിറ്റില്‍ എന്നര് വലന്‍സിയ, 48-ാം മിനിറ്റില്‍ മില്ലര്‍ ബൊലാനോസ് എന്നിവര്‍ നേടിയ ഗോളുകളാണ് ഇക്വഡോറിനെ തുണച്ചത്.
പെറുവിന് വേണ്ടി ക്രിസ്റ്റിയന്‍ കുയേവ, എഡിസണ് ഫ്ളോറസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. ആദ്യ മല്‍സരത്തില്‍ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച പെറു നാലു പോയിന്റോടെ ബ്രസീലിന് പിന്നില്‍ രണ്ടാമതെത്തി. രണ്ടു പോയിന്റുള്ള ഇക്വഡോര്‍ മൂന്നാമതാണ്. അവസാന മല്‍സരത്തില്‍ ദുര്‍ബലരായ ഹെയ്തിയെ നേരിടുന്ന അവര്‍ക്ക് ഇപ്പോഴും ക്വാര്‍ട്ടറില്‍ കടക്കാന്‍ അവസരം ഉണ്ട്.
ഈ മത്സരത്തില്‍ ഇക്വഡോര്‍ ജയിക്കുകയും ബ്രസീല്‍-പെറു മത്സരത്തില്‍ ആരെങ്കിലും തോല്‍ക്കുകയും ചെയ്താല്‍ ഇക്വഡോറിന് ക്വാര്‍ട്ടറിലെത്താം.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഇക്വഡോറായിരുന്നു മുന്നിട്ടുനിന്നതെങ്കിലും കളിയുടെ ഗതിക്കെതിരായി ആദ്യം വെടിപൊട്ടിച്ചത് പെറുവായിരുന്നു. കളി ആരംഭിച്ച് 51 സെക്കന്റ് പിന്നിട്ടപ്പോഴേക്കും പെറു ആദ്യ ഭീഷണി മുഴക്കി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയശേഷം ബോക്സിന് തൊട്ടുപുറത്തുനിന്ന് പൗലോ ഗുരേര പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത്.
അഞ്ചാം മിനിറ്റില്‍ പെറു ലീഡ് നേടി. പൗലോ ഗുരേര ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത കുയേവ ഒന്ന് വെട്ടിത്തിരിഞ്ഞശേഷം പായിച്ച വലംകാലന്‍ ഷോട്ട് ഇക്വഡോര്‍ ഗോളിയെ കീഴടക്കി വലയില്‍. 13-ാം മിനിറ്റില്‍ പെറു ലീഡ് ഉയര്‍ത്തി. ഒരു ഫ്രീകിക്കിനൊടുവില്‍ ഗുരേര തലകൊണ്ട് ചെത്തിയിട്ട പന്ത് കിട്ടിയത് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന എഡിസണ് ഫ്ളോറസിന് കൈമാറി. പന്ത് കിട്ടിയ ഫ്ളോറസ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ഇക്വഡോര്‍ വല കുലുക്കി. 24-ാം മിനിറ്റില്‍ വീണ്ടും പെറു എതിര് ബോക്സിലേക്ക് മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ ഇക്വഡോര്‍ പോരാട്ടം ശക്തമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു. അന്റോണിയോ വലന്‍സിയ പെറു പ്രതിരോധത്തിന് മുകളിലൂടെ നല്കിയ പന്ത് നെഞ്ച് കൊണ്ട് നിയന്ത്രിച്ച ശേഷം എന്നര് വലന്‍സിയ വലംകാലുകൊണ്ട് പായിച്ച ഷോട്ടിന് മുന്നില്‍ പെറുവിയന്‍ ഗോളിക്ക് മറുപടിയുണ്ടായില്ല. 43-ാം മിനിറ്റില്‍ വലന്‍സിയക്ക് മറ്റൊരു അവസരം ലഭിച്ചെങ്കിലും പെറു പ്രതിരോധത്തിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ഫലം കണ്ടില്ല. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് 25 വാര അകലെനിന്ന് നൊബോവ പായിച്ച ഷോട്ട് പെറു ഗോളി ഡൈവ് ചെയ്ത് കയ്യിലൊതുക്കി.
48-ാം മിനിറ്റില്‍ ഇക്വഡോര്‍ സമനില പിടിച്ചു. പോസ്റ്റിന് മുന്നിലേക്ക് വന്ന പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മില്ലര്‍ ബൊലാനോസാണ് അനായാസം വലയിലെത്തിച്ചത്. സമനില പാലിച്ചതോടെ ഇക്വഡോര്‍ താരങ്ങളുടെ തിരമാലകണക്കെയുള്ള മുന്നേറ്റത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാല്‍ പ്രതിരോധം തകര്‍ന്നപ്പോഴും പെറു ഗോളി അവര്‍ക്ക് മുന്നില്‍ ബാലികേറാമലയായി നിലയുറപ്പിച്ചതോടെ വിജയമെന്ന സ്വപ്നം പൊലിയുകയായിരുന്നു. ഇടയ്ക്ക് പെറുവും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കളിയുടെ ഇഞ്ചുറി സമയത്ത് ഇക്വഡോറിന്റെ ഗബ്രിയേല്‍ അകിലിയറിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: