കൊല്ലം: ഭരണഘടന ഉറപ്പാക്കുന്ന വിവിധ അവകാശങ്ങള്‍ മാനിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുവേണ്ടിയുള്ള സംരക്ഷണ പുനരധിവാസ പദ്ധതികള്‍ നടപ്പുവര്‍ഷം പ്രാവര്‍ത്തികമാക്കുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ.ജഗദമ്മടീച്ചര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തും ലൗ ലാന്റ് ആര്‍ട്ട് സൊസൈറ്റിയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുവേണ്ടി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നമ്മുടെ സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് അനുഭവിക്കുന്ന മാനസികസംഘര്‍ഷം വളരെ ഗുരുതരമാണ്. മനസ്സിന്റെ താളംതെറ്റലിലേക്ക് ഇത് പലപ്പോഴും ചെന്നെത്താറുണ്ട്. സമൂഹത്തില്‍ എല്ലാ രംഗത്തും ഇവര്‍ക്ക് സമത്വവും തുല്യനീതിയും ഭരണഘടന ഉറപ്പാക്കുന്നുണ്ടെങ്കിലും ഇന്ന് ഇവരുടെ സ്ഥിതി പരമദയനീയമാണ്. അതിനാലാണ് ഇവര്‍ക്കായി ജില്ലാ പഞ്ചായത്ത് സംരക്ഷണ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരോജിനി ബാബു, ഷെര്‍ലി സത്യദേവന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.അനില്‍കുമാര്‍, സൂര്യ, അനില്‍.എസ്.ദാസ്, ഡോ.സന്ധ്യ, ദീപ എന്നിവര്‍ പങ്കെടുത്തു.
















