കറുകച്ചാല്‍: പച്ചിലമാക്കല്‍, കുറ്റിക്കല്‍, മാമ്പതി, ശാന്തിപുരം റോഡിന്റെ പല ഭാഗങ്ങളിലെ റോഡുകള്‍ തകര്‍ന്നു. മഴയായതോടെ കുണ്ടും കുഴിയുമായ റോഡില്‍ കൂടി യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണ്. കുറേഭാഗം ടാറിംഗും, കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗവും തകര്‍ച്ചയില്‍ തന്നെയാണ്. നിരവധി വീടുകളും കോളനിയുമുള്ള ഈ പ്രദേശത്തു കൂടിയുള്ള റോഡിനു നന്നേവീതികുറവാണ്. ഇതുവഴി ഒരു ബസ് സര്‍വ്വീസ് ഉണ്ടെങ്കിലും വാഹനത്തിനെതിരെ ഏതെങ്കിലും വാഹനം എത്തിയാല്‍ കടന്നുപോകുവാന്‍ പ്രയാസമാണ്. പച്ചിലമാക്കല്‍ ഗുരു കോളേജിനു താഴെ കവലയില്‍ വൈദ്യുതിപോസ്റ്റ് റോഡിലേക്ക് കയറി നില്‍ക്കുന്നതു കാരണം വാഹനങ്ങള്‍ ഇവിടെ തിരിഞ്ഞുപോകുമ്പോള്‍ പ്രയാസമാണ്. വൈദ്യുതി പോസ്റ്റ് കുറേക്കൂടി പിന്നിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. റോഡിന്റെ പലയിടത്തു ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും ടാറിംഗ് നടത്താത്ത ഭാഗം തകര്‍ന്നുകൊണ്ടിരിക്കുന്നു. മഴയും കൂടിയായതോടെ കുഴികളുടെ ആഴവും വര്‍ദ്ധിച്ചു. റോഡിനു വീതി കൂട്ടി ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















