പുല്‍പ്പളളി : ഉപകാരപ്രദമ ല്ലാത്ത പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതികളില്‍ പെടു ത്തി ലക്ഷങ്ങള്‍ പാഴാക്കുന്നതായി ആരോപണം. കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പദ്ധതിക്കുപിന്നാലെയാണ് പു ല്പ്പള്ളിയില് ഈ വര്‍ഷവും തുടര്പ്രവര്ത്തികളെന്ന പേരിലാണ് ലക്ഷങ്ങള്‍ പാഴാക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൊഴിലുറപ്പിന്റെ മറവില്‍ പഞ്ചായത്ത് ഭരണസമിതികള്‍ കോടിക്കണക്കിന് രൂപയാണ് പാഴാക്കിയത്.
രണ്ടുവര്‍ഷത്തോളം റോഡിന്റെ വശങ്ങള് നന്നാക്കുന്നതിന്റെയും, പെര്‍ക്കുലേഷന്‍ ട്രഞ്ചിന്റെ മറവിലും ഇല്ലാത്ത പദ്ധതികളുണ്ടാക്കി കോടികള്‍ പാഴാക്കിയതിനുശേഷമാണ് കൃഷിയിടങ്ങളില്‍ കാപ്പിതൈകള്‍ നടുവാന്‍ പദ്ധതിയുമായി അധികൃതര്‍ രംഗത്തെത്തിയത്. തൊഴിലുറപ്പുപദ്ധതിവഴി കാപ്പിതൈകളുടെ നഴ്സറികളും പഞ്ചായത്ത് തുടങ്ങിയിരുന്നു.(ഈ വര്‍ഷവും ഇതിന്റെ തുടര്‍ച്ചയായി കാപ്പിതൈകളുടെ നഴ്സറി ആരംഭിച്ചിട്ടുണ്ട്.)സാധാരണ തൈകള്‍ നടേണ്ട സമയമൊക്കെ കഴിഞ്ഞ് വേനല്‍ തുടങ്ങാറായതോടെയാണ് പുല്‍പ്പളളി പഞ്ചായത്തിലെ കാപ്പിതൈകള്‍ നടുവാന്‍ തുടങ്ങിയത്. തൊഴിലുറപ്പുകാര്‍ വേനല്‍ക്കാലത്ത് തൈകള്‍ നടുവാനെത്തിയപ്പോള് മിക്ക കര്‍ഷരും ഈ കാപ്പി കൃഷി തങ്ങളുടെ കൃഷിയിടങ്ങളില്വേണ്ടയെന്നു പറഞ്ഞിരുന്നു.
എന്നാല്‍ തൊഴിലുറപ്പുകാര്‍ക്ക് ജോലി ഉണ്ടാക്കുന്നതിനുവേണ്ടി അന്നത്തെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയപോലെ പ്രവര്‍ത്തിച്ച് ബലമായി അവരുടെ കൃഷിയിടങ്ങളില്‍ കാപ്പിതൈകള്‍ നടുകയായിരുന്നു. മിക്ക കൃഷിയിടങ്ങളിലും നട്ട കാപ്പിതൈകള്‍ നട്ട അന്നുതന്നെ ഉണങ്ങിപ്പോയിരുന്നു. 70604-കാപ്പിതൈകള്‍ അന്ന് പുല്‍പ്പളളി പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നട്ടെന്നാണ് കണക്കുകള്‍ പറയുന്നത്.ഈ ഉണക്കതൈകള് നടുന്നതിനായി കണക്കുകള്‍ പ്രകാരം ചിലവഴിച്ച പ്രവര്ത്തിദിനങ്ങളാവട്ടെ-7393 ആണ്. അതായത് തൊഴിലുറപ്പിലെ ഒരു പ്രവര്‍ത്തിക്ക് നല്കുന്ന വേതനമായ 229-രൂപ പ്രകാരം 16,92997-രൂപ വേതനം ഇനത്തില്‍മാത്രം സര്‍ക്കാരിന് ചിലവായി.നഴ്സറിക്ക് ചിലവായതടക്കം 20-ലക്ഷത്തിലധികം രൂപയാണ് ഈ പാഴ്പദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാരില്‍നിന്നു വാങ്ങി ചിലവഴിച്ചത്.
ഇരുപത് ലക്ഷം രൂപ ചിലവഴിച്ച ഈ പദ്ധതി പ്രകാരം നട്ട കാപ്പിതൈകളില് നൂറിലൊന്നുപോലും ഇപ്പോഴില്ല.ഇങ്ങനെ പാഴായ പദ്ധതിയിലേക്കാണ് പഞ്ചായത്ത് വീണ്ടും തൊഴിലുറപ്പിന്റെ മറവില്‍ പണം പാഴാക്കാന്‍ തുടര്‍ പദ്ധതിയുമായി പുതിയ പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം നട്ട കാപ്പിതൈകളുടെ ഫഌററ്ഫോം നിര്‍മ്മാണമെന്ന പേരിലാണ് പുതിയ തൊഴില്‍ തുടങ്ങിയിരിക്കുന്നത്. ഇല്ലാത്ത കാപ്പിതൈകള്ക്കാണ് ഈ ഫഌറ്റ്ഫോം നിര്‍മ്മാണം.ഒന്നര മീററര്‍ നീളത്തിലും വീതിയിലുമാണ് (കണക്കുകളില്‍) ഈ ഫഌററ്ഫോം നിര്‍മ്മാണം. ഇല്ലാത്ത കാപ്പിതൈകള്ക്ക് എങ്ങനെ ഫഌററ്ഫോം നിര്‍മ്മിക്കാമെന്നും പുല്‍പ്പളളി പഞ്ചായത്ത് ഭരണസമിതി കണ്ടുപിടിച്ചിട്ടുണ്ട്. കാപ്പിതൈ ഇല്ലാത്ത സ്ഥലങ്ങളില്‍ ആദ്യം ഫഌററ്ഫോം നിര്‍മ്മിക്കുക,അതിനുശേഷം സമീപത്തെ ഏതെങ്കിലും കൃഷിയിടങ്ങളില്‍ നിന്നും കായവീണ് മുളച്ച്പൊന്തിയ പാഴ്കാപ്പിതൈകള് കൊണ്ടുവന്ന് നടുക. കാപ്പിതൈകള്‍ നട്ടെന്നും രേഖകളിലാവും, ഒപ്പം ഫഌററ്ഫോം നിര്‍മ്മിച്ച കൂലിയും എഴുതിയെടുക്കാം. തൊഴിലുറപ്പിന്റെ മറവില്‍ പുല്‍പ്പളളിയില്‍ അരങ്ങേറുന്ന പുതിയ വെട്ടിപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: