കല്‍പ്പറ്റ : കാലവര്‍ഷം വന്നെത്തിയതോടെ ജില്ലയിലെ തേയിലപാടികളില് ദുരിതജീവിതം. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ജീവിതമാണ് ഏറെ ദുസ്സഹം. പാടി എന്നറിയപ്പെടുന്ന കാലപ്പഴക്കംചെന്ന പാര്‍പ്പിടങ്ങളില്‍ തൊഴിലാളികള്‍ അന്തിയുറങ്ങുന്നത് ജീവഭയത്തോടെ. ഏഴ് പതിറ്റാണ്ട് വരെ പഴക്കമുള്ളതാണ് ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശത്തില്‍ വയനാട്ടിലുള്ള തേയിലത്തോട്ടങ്ങളിലെ പാടികള്‍. ഓടുമേഞ്ഞ ഓരോ പാടിയിലും ആറ് ഭാഗങ്ങളാണുള്ളത്. ഓരോ ഭാഗത്തും ഓരോ തൊഴിലാളി കുടുംബങ്ങളാണ് താമസം. വരാന്ത, കിടപ്പുമുറി, അടുക്കള, മറപ്പുര എന്നിവയടങ്ങുന്നതാണ് പാടിയിലെ ഒരു ഭാഗം. കുട്ടികളക്കം അഞ്ചും ആറും ആളുകളാണ് ഇതില്‍ ഞെങ്ങിഞെരുങ്ങി കഴിയുന്നത്. പഴക്കംകൊണ്ട് ദുര്‍ബലമായതാണ് മിക്ക പാടികളുടെയും മേല്‍ക്കൂര. ഓടുകളുടെ സ്ഥിതിയും അങ്ങനെതന്നെ. വിള്ളല്‍ വീണ നിലയിലാണ് പുറംചുമരുകളും അകത്തെ ഭിത്തികളും. മരംകൊണ്ടുള്ള വാതിലുകളും ജാലകങ്ങളും ജീര്‍ണാവസ്ഥയിലാണ്.
മഴ പെയ്താല്‍ ഒരുതുള്ളി വെള്ളംപോലും പുറത്തുപോകാത്തവയാണ് പല പാടികളും. ചില മേല്‍ക്കൂരകള്‍ക്ക് താഴെ പ്ലാസ്റ്റിക്ഷീറ്റ് വലിച്ചുകെട്ടിയാണ് ചോര്‍ച്ചയെ പ്രതിരോധിക്കുന്നത്. നിരന്തരസമരങ്ങള്ക്കൊടുവില് ചില പാടികളില്‍ നവീകരണപ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നാണ് പരാതി. പാടികള്‍ വാസയോഗ്യമാക്കേണ്ട ഉത്തരവാദിത്തം തോട്ടംമാനേജ്മെന്റിനാണ്. അറ്റകുറ്റപ്പണി നടത്തുന്നതില്‍ മാനേജ്മെന്റിന് ശുഷ്കാന്തിയില്ല. വീഴാറായപാടികള് പൊളിച്ചുപണിയാനും തയാറാകുന്നില്ല. തീര്‍ത്തും വാസയോഗ്യമല്ലാതായ പാടികളില്നിന്നും തൊഴിലാളി കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുകയാണ്. കമ്പനിയുടെ കൈവശത്തിലുള്ള അരപ്പറ്റ എസ്റ്റേറ്റിലെ കഡൂര്‍ ഡിവിഷനില്‍ ഏതാനും വര്‍ഷങ്ങള്‍ മുന്‍പുവരെ 32 പാടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ കുറെ പൊളിഞ്ഞു. നിലവില്‍ 20 പാടികളിലാണ് ആള് താമസം. ഇതില്‍ രണ്ടെണ്ണത്തിനു മാത്രമാണ് കുറച്ചെങ്കിലും കെട്ടുറപ്പുള്ളത്. തോട്ടം മാനേജ്മെന്റ് ജില്ലയിലെ എല്ലാ എസ്റ്റേറ്റുകളിലെയും മുഴുവന്‍ ഡിവിഷനുകളിലും പരാതി പുസ്തകം വെച്ചിട്ടുണ്ട്. പാടിയുടെ ശോച്യാവസ്ഥ സംബന്ധിച്ച് പുസ്തകത്തില്‍ നിരന്തരം എഴുതിയാലും ഫലം ഇല്ലെന്ന് സ്ത്രീ തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു. കന്നുകാലികളേക്കാള്‍ കഷ്ടത്തിലാണ് തങ്ങളുടെ ജീവിതമെന്നാണ് സ്ത്രീ തൊഴിലാളികളുടെ ആവലാതി.
തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് ബിഎംഎസ് എസ്റ്റേറ്റ് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന് പറഞ്ഞു. പഴക്കംചെന്ന മുഴുവന്‍ പാടികളും പൊളിച്ചുനീക്കി കാലത്തിനൊത്ത പാര്‍പ്പിടങ്ങള്‍ നിര്മിച്ചുനല്കാന് മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശംനല്‍കണം. ഇക്കാര്യത്തില്‍ തൊഴിലാളി യൂണിയനുകള്‍ ഒറ്റക്കെട്ടായി സമ്മര്‍ദം ചെലുത്തണം. പുതിയ ടീ ബോര്‍ഡംഗങ്ങളില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. കാലോചിതമായ ഭരണപരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കി ചായതോട്ടങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. തൊഴിലാളികള്‍ക്ക് ആവശ്യമായ മുഴുവന്‍ ആശുപത്രി സേവനങ്ങളും സൗജന്യമായി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: