മാനന്തവാടി : ജില്ലയിലെ അനധികൃത പന്നിഫാമുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവമോര്ച്ചക്കെതിരെ പന്നിഫാം ഉടമകള്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിലേക്ക് മാലിന്യങ്ങള്‍ കൊണ്ടുവരാന്‍ പാടിലെന്ന നിയമം കാറ്റില്‍ പറത്തിയാണ് കോഴിമാലിന്യമടക്കം കൊണ്ടുവരുന്നത്. ജില്ലയില്‍ 500 ലധികം പന്നിഫാമുകള്‍ ഉണ്ടെന്ന് ഉടമകള്‍ അവകാശപ്പെടുമ്പോഴും നൂറില്‍ താഴെ ഫാമുകള്‍ മാത്രമാണ് ലൈസന്‍സ് ഉളളവ. വയനാട് ജില്ലയില്‍ തന്നെ പന്നിഫാമുകള്ക്കാവശ്യമായ തീറ്റ ഉണ്ടെന്നിരിക്കെ അന്യ ജില്ലകളില്‍ നിന്നും മാലിന്യങ്ങള്‍ കൊണ്ടുവരുന്നതില്‍ തന്നെ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മാലിന്യം ജില്ലയിലേക്ക് കൊണ്ടുവരുന്നതിന്റെ മറവില്‍ നടക്കുന്നത് പണമിടപ്പാടാണ്. ഒരു വണ്ടി മാലിന്യം ജില്ലയിലേക്ക് കൊണ്ടുവരുമ്പോള്‍ പതിമൂവായിരത്തോളം രൂപ പ്രതിഫലമായി കൈപ്പറ്റുന്നു. കൂടാതെ ഇതിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വന്‍തോതില്‍ മാലിന്യം ജില്ലയില്‍ കൊണ്ട് തട്ടുന്നത് പതിവാണ്. മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നിലപാടുകള്‍ യുവമോര്‍ച്ച സ്വീകരിക്കുമ്പോള്‍ യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വരുന്നത് വിഷയത്തെ ലഘൂകരിക്കാനാണെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം, ജിതിന് ഭാനു, ടി.എം. സുബീഷ്, ശ്യാം ഒഴക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.
യുവമോര്‍ച്ചയുടെ സമര ത്തെ തുടര്‍ന്ന് പന്നിഫാമുകളിലേക്കെന്ന പേരില്‍ സമീപ ജില്ലകളില്‍ നിന്നും കോഴിമാലിന്യങ്ങള്‍ എത്തിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സബ് കലക്ടര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റിയാടി എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് കോഴിമാലിന്യങ്ങളുള്പ്പെടെ ചാക്കില്‍ കെട്ടി തുറന്ന വാഹനങ്ങളില്‍ വയനാട്ടിലെത്തിക്കുന്നത്. ദിനേന അമ്പതോളം വാഹനങ്ങളില്‍ ഇത്തരത്തില്‍ മാലിന്യമെത്തുന്നതായാണ് വിവരം. ബത്തേരി, പുല്‍പ്പള്ളി, മീനങ്ങാടി എന്നിവിടങ്ങളിലുള്ള പന്നി ഫാമുകളില്‍ മാലിന്യമെത്തിക്കാന്‍ പിഗ് ഫാര്‍മേഴ്സ് സംഘടനകള്‍ നല്കുന്ന സ്റ്റിക്കര്‍ ഉപയോഗിച്ചാണിത്. എന്നാല്‍, ഇത്തരം മാലിന്യങ്ങള്‍ ചുരം ഭാഗങ്ങളില്‍ തള്ളുന്നതും പുഴക്കരയിലും ജലസ്രോതസ്സുകള്‍ക്ക് സമീപവും ഉപേക്ഷിക്കുന്നതു നിത്യസംഭവമാണ്. ഇതിനുപുറമെ പന്നി ഫാമുകളോട് ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍ കുഴിയെടുത്ത് മാലിന്യം നിക്ഷേപിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയിലൂടെ ഇത്തരം മാലിന്യം കൊണ്ടുപോകുന്നതുതടഞ്ഞ് ഭരണസമിതി ഉത്തരവിറക്കുകയും ചെയ്തു. തഹസി ല്‍ദാരുടെ റിപോര്‍ട്ട് ലഭിക്കുന്നതുവരെ ഇത്തരം വാഹനങ്ങള്‍ തടയാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: