കൊട്ടാരക്കര: ഭരണകൂടം പൊതുവിദ്യാഭ്യാസരംഗത്തെ മറന്നപ്പോള്‍ വിദ്യാഭ്യാസനിലവാരം പിന്നിലേക്കു പോയതായി ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ചക്കുവരയ്‌ക്കല്‍ ഗവ.ഹൈസ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
ജനങ്ങള്‍ സ്വകാര്യസ്‌കൂളുകളില്‍ കുട്ടികളെ അയച്ചതും ഇതുമൂലമാണ്. എന്നാല്‍ അടുത്ത കാലത്തായി പൊതുവിദ്യാഭ്യാസത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനു വഴിവയ്‌ക്കുന്നു. മാറുന്ന സമൂഹത്തിനനുസരിച്ചു അറിവിന്‍െ പ്രകാശം തെളിക്കാനും നിലവാരം നിലനിര്‍ത്താനും കഴിയുന്നതായിരിക്കണം ഗുണനിലവാരമുള്ള വിദ്യാഭ്യാസം. വിദ്യാഭ്യാസം ചെലവേറിയതും സാധാരണക്കാര്‍ക്ക് അപ്രാപ്യവുമായ ഈ കാലത്ത് പൊതുവിദ്യാഭ്യാസമേഖല കൂടുതല്‍ ശക്തമായി നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളെ നിഷേധിക്കുന്നവര്‍ ചരിത്രം നല്‍കുന്ന പാഠത്തെ കൂടിയാണ് നിഷേധിക്കുന്നത്. ഉന്നതര്‍ക്കു മാത്രം വിദ്യാഭ്യാസം പ്രാപ്യമായിരുന്ന ഒരു കാലത്ത് അധസ്ഥിതര്‍ നിരക്ഷരും വിസ്മരിക്കപ്പെട്ടവരുമായിരുന്നു. അക്കാലത്ത് സാധാരണക്കാരന് ധൈര്യവും നിശ്ചയദാര്‍ഡ്യവും നല്‍കിയത് പൊതുവിദ്യാലയങ്ങളായിരുന്നു. ആ ക്ലാസ് മുറികളില്‍ നിന്നാണ് സമത്വത്തിന്റെ സന്ദേശം സമൂഹത്തിനു ലഭിച്ചത്. ചക്കുവരയ്‌ക്കല്‍ സ്‌കൂളിനെ ഹയര്‍സെക്കണ്ടറി സ്‌കൂളായി ഉയര്‍ത്തുന്നതിന് നടപടികള്‍ ഉണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അധ്യക്ഷഭാഷണം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി കംപ്യൂട്ടര്‍ ലാബിനായി പത്ത് ലക്ഷം രുപ അനുവദിച്ചതായി പ്രഖ്യാപിച്ചു. രണ്ട് നിലകളുള്ള കെട്ടിടം നിര്‍മിക്കാനായി ഒന്നരകോടിരൂപ അനുവദിച്ചതായി മുഖ്യപ്രഭാഷണം നടത്തിയ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീത മാത്തുക്കുട്ടി, ജില്ലാപഞ്ചായത്തംഗം സരേജനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ഷൈന്‍പ്രഭ, വാര്‍ഡ് മെമ്പര്‍ ജെ.മോഹന്‍കുമാര്‍, എസ്.സുരേഷ്ബാബു, പ്രഥമാധ്യാപിക എസ്.സാലി തുടങ്ങിയവര്‍ സംസാരിച്ചു.
















