രാമനാട്ടുകര: ജന്മഭൂമി മുഖ്യ പത്രാധിപരും തപസ്യ പ്രസിഡന്റുമായിരുന്ന വി.എം കൊറാത്തിനെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ 11-ാം ചരമവാര്‍ഷിക ദിനത്തില്‍ തപസ്യ കലാസാഹിത്യ വേദി രാമനാട്ടുകര യൂണിറ്റാണ് അനുസ്മരണം സംഘടിപ്പിച്ചത്. ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സ്വാതന്ത്ര്യ സമരകാലത്ത് ത്യാഗമനോഭാവത്തോടെ ഗാന്ധിയന്‍ മൂല്യങ്ങളെ മുറുകെപിടിച്ച പത്രപ്രവര്‍ത്തകനായിരുന്നു വി.എം കൊറാത്തെന്ന് പി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിന് വി.എം. കൊറാത്ത് നല്‍കിയ സംഭാവന വിലപ്പെട്ടതാണെന്ന് ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. എം.പി. നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിഎം. കൊറാത്തിന്റെ മകള്‍ ഉഷ ഓര്‍മ്മകള്‍ പങ്കുവെച്ചു.
കൊറാത്തിന്റെ ആത്മകഥ ഓര്‍മ്മയുടെ നിലാവ് ഡോ. ഗോപി പുതുക്കോട് സദസ്സിന് പരിചയപ്പെടുത്തി. യാസര്‍ അറഫാത്തിന്റെ വിയര്‍പ്പുമാളികയിലെ ചുവന്ന അക്കങ്ങള്‍, കവി കെ.എം. വേണുഗോപാലിന്റെ നിലാവില്‍ ചിരിക്കുന്ന ആമ്പല്‍പൂക്കള്‍ എന്നീ പുസ്തകങ്ങളെക്കുറിച്ച് സി. സേതുമാധവന്‍ സംസാരിച്ചു. ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. കെ.ടി. ഗോപിനാഥ പണിക്കര്‍, യാസര്‍ അറഫാത്ത്, കെ.എം. വേണുഗോപാല്‍, പരത്തുള്ളി രവീന്ദ്രന്‍, നന്ദന്‍ കടലുണ്ടി എന്നിവര്‍ സംസാരിച്ചു.
















